ക്രൈസ്‌റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനായിട്ടില്ലെങ്കിലും ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ ഇയാന്‍ സ്മിത്ത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം ടെസ്റ്റില്‍ നിര്‍ണായക സമയത്ത് അലക്ഷ്യമായി ബാറ്റ് വീശി പന്ത് പുറത്തായി.

എന്നാല്‍ ഭാവിയില്‍ ഋഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ സംഭവമാകുമെന്നാണ് ഇയാന്‍ സ്മിത്ത് പറയുന്നത്. നിലവില്‍ മോശം ഫോമിലാണെങ്കിലും ഭാവിയില്‍ ഋഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ താരമാകും. ഇപ്പോഴത്തെ മോശം ഫോം പന്തിന് വലിയ പാഠമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ക്ഷമയുടെ വില പന്ത് മനസിലാക്കി കാണും. ഇക്കാര്യം ടീം മാനേജ്മെന്റും പന്തിന് മനസിലാക്കിക്കൊടുത്തു കാണും. അത് പൂര്‍ണമായും തിരിച്ചറിഞ്ഞാല്‍ പന്തിനെ തടുക്കാന്‍ ആര്‍ക്കുമാവില്ല. അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സംഭവമാകും. ഇക്കാര്യം കുറിച്ചുവെച്ചോളൂ എന്നും ഇയാന്‍ സ്മിത്ത് പറഞ്ഞു.

മോശം ഫോമിനെത്തുടര്‍ന്ന് ടി20, ഏകദിന പരമ്പരകളില്‍ അവസരം ലഭിക്കാതിരുന്ന പന്തിന് ടെസ്റ്റ് പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും ആദ്യ ടെസ്റ്റില്‍ 19, 25 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിംഗ് തകകര്‍ച്ചയെ നേരിടുമ്പോള്‍ ക്രീസിലെത്തിയ പന്ത് അലക്ഷ്യമായ ഷോട്ട് കളിച്ച് ബൗള്‍ഡായി പുറത്താവുകയും ചെയ്തു.