ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ വീണ്ടും പാകിസ്ഥാനെ നേരിടുന്നു. ദുബായിൽ നടക്കുന്ന മത്സരത്തിൽ, കഴിഞ്ഞ തോൽവിക്ക് പകരം വീട്ടാനുറച്ചാണ് പാകിസ്ഥാൻ ഇറങ്ങുന്നത്. 

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. സോണി സ്‌പോര്‍ട്‌സ് ടെന്‍ 1, സോണി സ്‌പോര്‍ട്‌സ് ടെന്‍ 5 എന്നീ ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഹസ്തദാന വിവാദത്തിന്റെ ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ - പാക് മത്സരം കൂടി നേര്‍ക്കുനേര്‍ വരുന്നത്. പാകിസ്ഥാന് ആവട്ടെ ആദ്യ കളിയിലെ ഏഴ് വിക്കറ്റ് തോല്‍വിയുടെ മുറിവുണങ്ങിയിട്ടില്ല. ഐസിസിയില്‍ നിന്നേറ്റ പ്രഹരത്തിന്റെ നാണക്കേടും മാറിയിട്ടില്ല. മാച്ച് റഫറിയായി ഏഷ്യാ കപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അതേ ആന്‍ഡി പൈക്രോഫ്റ്റിനെ തന്നെയാാണ് ഇന്നും മാച്ച് റഫറിയായി നിയോഗിച്ചിട്ടുള്ളത്.

തോല്‍വികളുടേയും തിരിച്ചടികളുടേയും കടവും പലിശയുമായി പാകിസ്ഥാന്‍ വീണ്ടും ഇന്ത്യക്കെതിരെ. ഒമാനെതിരെ വിയര്‍ത്തെങ്കിലും പാകിസ്ഥാനെതിരെ ഇറങ്ങുന്‌പോള്‍ സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും വീര്യം ഇരട്ടിയാവും. കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക സ്പിന്നര്‍മാരുടെ മികവായിരിക്കും. അക്‌സര്‍ പട്ടേല്‍ പരിക്കില്‍ നിന്ന് മുക്തനായില്ലെങ്കില്‍ ഹര്‍ഷിത് റാണയ്‌ക്കോ അര്‍ഷദീപ് സിംഗിനോ അവസരം കിട്ടും. ജസ്പ്രിത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും തിരിച്ചെത്തും.

ബാറ്റിംഗ് നിരയില്‍ ആശങ്കയില്ല, പരീക്ഷണവും ഉണ്ടാവില്ല. വ്യക്തിഗത മികവുണ്ടെങ്കിലും ഇന്ത്യക്ക് മുന്നില്‍ കളിമറക്കുന്നതാണ് പാകിസ്ഥാന്റെ വെല്ലുവിളി. ഷഹീന്‍ ഷാ അഫ്രീദിയും സ്പിന്നര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നാലേ അയല്‍ക്കാര്‍ക്ക് രക്ഷയുള്ളൂ. ട്വന്റി 20യില്‍ ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന പതിനഞ്ചാമത്തെ മത്സരം. പതിനൊന്നിലും ജയം ഇന്ത്യക്കൊപ്പം. പാകിസ്ഥാന്റെ ആശ്വാസം മൂന്ന് ജയം മാത്രം.

സ്പിന്നിനെ തുണയ്ക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മൂന്ന് സൂപ്പര്‍ മത്സരങ്ങളും നടക്കുന്നത്. 24ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 26ന് അവസാന മത്സരത്തില്‍ ശ്രീലങ്കയേയും ഇന്ത്യ നേരിടും. സൂപ്പര്‍ ഫോറില്‍ അല്‍പം കൂടി കരുത്തരാണ് എതിരാളികള്‍.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

YouTube video player