ജൊഹാനസ്ബര്‍ഗ്: അണ്ടര്‍-19 ലോകകപ്പില്‍ പാക്കിസ്ഥാന് നാണക്കേടായി വീണ്ടും നാടകീയ റണ്ണൗട്ട്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സെമി പോരാട്ടത്തിലാണ് ക്യാപ്റ്റന്‍ റൊഹാലി നാസിറും ക്വാസിം അക്രമും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് പരസ്പരം മത്സരിച്ചോടുകയും നാസിര്‍ റണ്ണൗട്ടാകുകയും ചെയ്തത്

രവി ബിഷ്ണോയി എറിഞ്ഞ മത്സരത്തിന്റെ 31-ാം ഓവറിലായിരുന്നു നാടകീയ റണ്ണൗട്ട്. ബിഷ്ണോയിയുടെ പന്ത് ഓഫ് സൈഡിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച ക്വാസിം അക്രം റണ്ണിനായി ക്രീസ് വിട്ടിറങ്ങി. മറുവശത്തുനിന്ന് നാസിറും റണ്ണിനായി ക്രീസ് വിട്ടിറങ്ങിയെങ്കിലും ഫീല്‍ഡര്‍ പന്ത് കൈയിലെടുക്കുന്നത് കണ്ടതോടെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് തന്നെ തിരിച്ചോടി.

എന്നാല്‍ ഈ സമയം പിച്ചിന്റെ പാതിവഴി പിന്നിട്ട ക്വാസിമും നോൺ സ്ട്രൈക്കിംഗ് എന്‍ഡ് ലക്ഷ്യമാക്കി ഓടിയതോടെ ആരാദ്യം എത്തുമെന്ന രീതിയിലായി പിന്നീടുള്ള ഓട്ടം. പന്തെടുത്ത അഥര്‍വ അങ്കലോക്കര്‍ പന്ത് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന് എറിഞ്ഞു കൊടുക്കുകയും ജുറേല്‍ ബെയില്‍സിളക്കുകയും ചെയ്തതോടെ നാസിര്‍ റണ്ണൗട്ടായി.

റണ്ണൗട്ടുകള്‍ എന്നും ബലഹീനതയായ പാക്കിസ്ഥാന്റെ മുന്‍കാല ചരിത്രം ചികഞ്ഞ് ആരാധകര്‍ ട്രോളുമായി രംഗത്തെത്തുകയും ചെയ്തു. മത്സരം 10 വിക്കറ്റിന് ജയിച്ച് ഇന്ത്യ ഫൈനലലിലെത്തിയിരുന്നു.