ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യക്കും ബിസിസിഐക്കും അഗ്‌നിപരീക്ഷയാണ്. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യം ജാഗ്രതയില്‍ നിലനില്‍ക്കുമ്പോഴാണ് പരമ്പരയുമായി ബിസിസിഐ മുന്നോട്ടുപോയത്. ധര്‍മ്മശാലയില്‍ ആദ്യ ഏകദിനം നടക്കുന്നതിന് മുന്‍പ് ബിസിസിഐക്കും ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും നിരാശ വാര്‍ത്തയാണ് പുറത്തുവരുന്നത്.

Read more: ദക്ഷിണാഫ്രിക്കയെ വിരട്ടാന്‍ ടീം ഇന്ത്യ; സൂപ്പര്‍ താരങ്ങളുടെ മടങ്ങിവരവ് ശ്രദ്ധേയം; ആദ്യ ഏകദിനം നാളെ

ധര്‍മ്മശാല ഏകദിനത്തില്‍ സ്റ്റേഡിയം നിറയാനുള്ള സാധ്യതകള്‍ നിലവിലില്ല. 22,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലെ 40 ശതമാനത്തോളം ടിക്കറ്റുകള്‍ ബുധനാഴ്‌ച വരെ വിറ്റഴിഞ്ഞിട്ടില്ല എന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടുമൂന്ന് കോര്‍പ്പറേറ്റ് ബോക്‌സുകളിലെ ടിക്കറ്റുകള്‍ മാത്രമെ വിറ്റുപോയിട്ടുള്ളൂ എന്ന് ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. ഇരുപത് സീറ്റുകള്‍ വീതമുള്ള 12 കോര്‍പ്പറേറ്റ് ബോക്‌സുകളാണ് സ്റ്റേഡിയത്തിലുള്ളത്. 

ഇതോടെ ആളൊഴിഞ്ഞ ഗാലറികള്‍ ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാണേണ്ടിവരും എന്നുറപ്പായി. ധര്‍മ്മശാലയില്‍ ഉച്ചയ്‌ക്ക് 1.30ന് മത്സരം ആരംഭിക്കും. ഇന്ത്യയെ വിരാട് കോലിയും ദക്ഷിണാഫ്രിക്കയെ ക്വിന്‍റൺ ഡി കോക്കുമാണ് നയിക്കുന്നത്. പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്. ഈ മാസം 15ന് ലഖ്നൗവിലും 18ന് കൊൽക്കത്തയിലുമാണ് മറ്റ് മത്സരങ്ങള്‍. 

Read more:കൊവിഡ് 19: ജാഗ്രതയില്‍ ടീം ഇന്ത്യ; പന്തില്‍ ഉമിനീര്‍ പ്രയോഗത്തിന് നിയന്ത്രണം

ഇന്ത്യ സ്‌ക്വാഡ്

ശിഖര്‍ ധവാന്‍, പ‍ൃഥ്വി ഷാ, വിരാട് കോലി(നായകന്‍), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്

ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്

തെംബാ ബാവുമ, റാസി വാന്‍ ഡര്‍സന്‍, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ജനീമന്‍ മലാന്‍, ജെ ജെ സ്‌‌മട്ട്, ജോര്‍ജ് ലിന്‍ഡെ, ആന്‍ഡിലെ ഫെഹ്‌ലൂക്വായോ, ക്വിന്‍റണ്‍ ഡികോക്ക്(നായകന്‍), ഹെന്‍‌റിച്ച് ക്ലാസന്‍, കെയ്‌ല്‍ വെരീന്‍, ലുങ്കി എന്‍ഗിഡി, ലൂത്തോ സിപാംല, ബ്യൂറന്‍ ഹെന്‍‌റിക്‌സ്, ആന്‍റിച്ച് നോര്‍ജെ, കേശവ് മഹാരാജ്