Asianet News MalayalamAsianet News Malayalam

എല്‍ഗാറിന് സെഞ്ചുറി, അംലയ്‌ക്ക് ശേഷം ആദ്യ താരം; പോരാട്ടം കടുക്കുന്നു

ഹാഷിം അംലയ്‌ക്ക്(2010) ശേഷം ഇന്ത്യയില്‍ ടെസ്റ്റില്‍ സെഞ്ചുറി തികയ്‌ക്കുന്ന ആദ്യ പ്രോട്ടീസ് താരമാണ് എല്‍ഗാര്‍

India vs South Africa 1st Test Day 3 Dean Elgar completes ton
Author
Visakhapatnam, First Published Oct 4, 2019, 1:17 PM IST

വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രതീക്ഷയായി ഓപ്പണര്‍ ഡീന്‍ എല്‍ഗാറുടെ തകര്‍പ്പന്‍ സെഞ്ചുറി. വിശാഖപട്ടണത്ത് സ്റ്റാര്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെ സിക്‌സറിന് പറത്തിയാണ് എല്‍ഗാര്‍ 100 തികച്ചത്. ഹാഷിം അംലയ്‌ക്ക്(2010) ശേഷം ഇന്ത്യയില്‍ ടെസ്റ്റില്‍ സെഞ്ചുറി തികയ്‌ക്കുന്ന ആദ്യ പ്രോട്ടീസ് താരമാണ് എല്‍ഗാര്‍. ടെസ്റ്റില്‍ എല്‍ഗാറിന്‍റെ 12-ാം സെഞ്ചുറി കൂടിയാണിത്. 

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 502 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 227/5ല്‍ നില്‍ക്കേ ഡീന്‍ എല്‍ഗാറിനൊപ്പം ക്വിന്‍റണ്‍ ഡികോക്കാണ് ക്രീസില്‍. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ പ്രോട്ടീസിന് 275 റണ്‍സ് കൂടി വേണം. 

ദക്ഷിണാഫ്രിക്കയെ കാത്ത് എല്‍ഗാറിസം

മൂന്ന് വിക്കറ്റിന് 39 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 18 റണ്‍സെടുത്ത തെംബ ബാവുമയെ ഇശാന്ത് ശര്‍മ്മ എല്‍ബിയില്‍ കുടുക്കി. എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലസിയെ കൂട്ടുപിടിച്ച് എല്‍ഗാര്‍ ദക്ഷിണാഫ്രിക്കയെ കരകയറ്റാന്‍ ശ്രമിച്ചു. അര്‍ധ സെഞ്ചുറി പിന്നിട്ട ഫാഫിനെ 55ല്‍ നില്‍ക്കേ പൂജാരയുടെ കൈകളിലെത്തിച്ച് അശ്വിന്‍ കൂട്ടുകെട്ട് പൊളിച്ചത് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായി. തളരാതെ മുന്നേറിയ എല്‍ഗാര്‍ പിന്നാലെ സിക്‌സറിച്ച് 175 പന്തില്‍ നിന്ന് സെഞ്ചുറി ആഘോഷമാക്കി. 

രണ്ടാം ദിനം മൂന്ന് പ്രോട്ടീസ് താരങ്ങള്‍ ഇന്ത്യന്‍ സ്‌പിന്‍കെണിയില്‍ വീണിരുന്നു. എയ്ഡന്‍ മാര്‍ക്രം (5), ഡി ബ്രൂയ്ന്‍ (4), ഡെയ്ന്‍ പിയറ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. 

രോഹിത്തും മായങ്കും കസറിയ ഇന്ത്യന്‍ ഇന്നിംഗ്‌സ്

ആദ്യ ടെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളും ഓപ്പണറായിറങ്ങിയ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ആദ്യ ദിനം രോഹിത്തും രണ്ടാം ദിനം മായങ്കുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഹീറോകള്‍. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 244 പന്തില്‍ നിന്ന് 23 ഫോറും ആറ് സിക്‌സും സഹിതം 176 റണ്‍സെടുത്തപ്പോള്‍ മായങ്ക് 371 പന്തില്‍ 23 ഫോറും ആറ് സിക്‌സും അടക്കം 215 റണ്‍സ് നേടി. 

എന്നാല്‍ പിന്നീടെത്തിയ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20), അജിന്‍ക്യ രഹാനെ (15), ഹനുമ വിഹാരി (10), വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഫോമിലേക്കുയര്‍ന്നില്ല. രവീന്ദ്ര ജഡേജ (30)യാണ് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചത്. ജഡേജയ്‌ക്കൊപ്പം അശ്വിന്‍ (1) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

Follow Us:
Download App:
  • android
  • ios