വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ദക്ഷിണാഫ്രിക്ക കരകയറാന്‍ ശ്രമിക്കുന്നു. മൂന്നാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കവെ നാല് വിക്കറ്റിന് 144 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. അര്‍ധ സെഞ്ചുറിയുമായി ഡിന്‍ എല്‍ഗാറും(74*) നായകന്‍ ഫാഫ് ഡുപ്ലസിയുമാണ്(41*) ക്രീസില്‍. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ പ്രോട്ടീസിന് 358 റണ്‍സ് കൂടി വേണം. 

മൂന്ന് വിക്കറ്റിന് 39 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 18 റണ്‍സെടുത്ത തെംബ ബാവുമയെ ഇശാന്ത് ശര്‍മ്മ എല്‍ബിയില്‍ കുടുക്കി. ഇന്ത്യയുടെ 502 റണ്‍സ് പിന്തുടരവെ രണ്ടാം ദിനം മൂന്ന് താരങ്ങള്‍ ഇന്ത്യന്‍ സ്‌പിന്‍കെണിയില്‍ വീണിരുന്നു. എയ്ഡന്‍ മാര്‍ക്രം (5), ഡി ബ്രൂയ്ന്‍ (4), ഡെയ്ന്‍ പിയറ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ആര്‍ അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

ആദ്യ ടെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളും ഓപ്പണറായിറങ്ങിയ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ആദ്യ ദിനം രോഹിത്തും രണ്ടാം ദിനം മായങ്കുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഹീറോകള്‍. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 244 പന്തില്‍ നിന്ന് 23 ഫോറും ആറ് സിക്‌സും സഹിതം 176 റണ്‍സെടുത്തപ്പോള്‍ മായങ്ക് 371 പന്തില്‍ 23 ഫോറും ആറ് സിക്‌സും അടക്കം 215 റണ്‍സ് നേടി. 

എന്നാല്‍ പിന്നീടെത്തിയ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തി.  ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20), അജിന്‍ക്യ രഹാനെ (15), ഹനുമ വിഹാരി (10), വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഫോമിലേക്കുയര്‍ന്നില്ല. രവീന്ദ്ര ജഡേജ (30)യാണ് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചത്. ജഡേജയ്‌ക്കൊപ്പം അശ്വിന്‍ (1) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.