വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യ വിജയപ്രതീക്ഷയില്‍. ഒരു വിക്കറ്റിന് 11 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച പ്രോട്ടീസിന് 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 33-3 എന്ന നിലയിലാണ്. ഇന്ത്യ മുന്നോട്ടുവെച്ച 395 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് അവശേഷിക്കേ 362 റണ്‍സ് പിന്നിലാണ്.

മുട്ടിടിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍നിര

ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറിവീരന്‍ എല്‍ഗാറിനെ രണ്ട് റണ്‍സില്‍ നില്‍ക്കേ ഇന്നലെ രവീന്ദ്ര ജഡേജ മടക്കിയിരുന്നു. അവസാന ദിനം തുടക്കത്തിലെ ഇന്ത്യന്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ പ്രോട്ടീസ് ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് കാലുറച്ചില്ല. ഡി ബ്രുയിനെ 10ല്‍ നില്‍ക്കേ അശ്വിനും ബാവുമയെ(0) ഷമിയും ബൗള്‍ഡാക്കി. ഏയ്‌ഡന്‍ മര്‍ക്രാമും(15*), ഫാഫ് ഡുപ്ലസിസുമാണ്(5*) ആണ് ഇപ്പോള്‍ ക്രീസില്‍

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഇന്നലെ നാല് വിക്കറ്റിന് 323 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. 71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് ഏകദിന ശൈലിയില്‍ അതിവേഗം സ്കോര്‍ ചെയ്ത രോഹിത് ശര്‍മയും(149 പന്തില്‍ 127) ചേതേശ്വര്‍ പൂജാര (81)യും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കരുത്തായത്. നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും (32 പന്തില്‍ 40), ക്യാപ്റ്റന്‍ വിരാട് കോലിയും(25 പന്തില്‍ 31 നോട്ടൗട്ട്), അജിങ്ക്യാ രഹാനെയും(17 പന്തില്‍ 27 നോട്ടൗട്ട്) അതിവേഗം റണ്‍സ് ഉയര്‍ത്തി. 67 ഓവറിലാണ് ഇന്ത്യ 323 റണ്‍സടിച്ചത്.

അശ്വിന് ഏഴ് വിക്കറ്റ്, ഇന്ത്യക്ക് ലീഡ്

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 502/7 റൺസ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 431 റണ്‍സില്‍ പുറത്തായി. നാലാം ദിനം എട്ട് വിക്കറ്റിന് 385 റൺസ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് 46 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിനാണ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഒന്‍പത് റണ്‍സെടുത്ത കേശവ് മഹാരാജിനെയും 15 റണ്‍സില്‍ നില്‍ക്കേ കാഗിസോ റബാഡയെയും പുറത്താക്കി അശ്വിന്‍ ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

പ്രതിരോധം തീര്‍ത്ത സെനൂരന്‍ മുത്തുസ്വാമി 106 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ഡീൻ എൽഗാറിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും സെഞ്ചുറിയാണ് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം സന്ദർശകരെ രക്ഷിച്ചത്. എൽഗാർ 160ഉം ഡി കോക്ക് 111 റൺസുമെടുത്തു. സിക്സർ പറത്തിയാണ് ഇരുവരും സെഞ്ചുറി തികച്ചത്. ക്യാപ്റ്റൻ ഡുപ്ലെസി 55 റൺസെടുത്തു. അശ്വിന്‍റെ ഏഴ് വിക്കറ്റിന് പുറമെ രവീന്ദ്ര ജഡേജ രണ്ടും ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി.

രോഹിത്തും മായങ്കും കസറിയ ദിനങ്ങള്‍

ആദ്യ ടെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളും ഓപ്പണറായിറങ്ങിയ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ആദ്യ ദിനം രോഹിത്തും രണ്ടാം ദിനം മായങ്കുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഹീറോകള്‍. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 244 പന്തില്‍ നിന്ന് 23 ഫോറും ആറ് സിക്‌സും സഹിതം 176 റണ്‍സെടുത്തപ്പോള്‍ മായങ്ക് 371 പന്തില്‍ 23 ഫോറും ആറ് സിക്‌സും അടക്കം 215 റണ്‍സ് നേടി.

എന്നാല്‍ പിന്നീടെത്തിയ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20), അജിന്‍ക്യ രഹാനെ (15), ഹനുമ വിഹാരി (10), വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഫോമിലേക്കുയര്‍ന്നില്ല. രവീന്ദ്ര ജഡേജ (30)യാണ് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചത്. ജഡേജയ്‌ക്കൊപ്പം അശ്വിന്‍ (1) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.