പൂനെ: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയിലാണ്. 105 റണ്‍സുമായി മായങ്കും നാലു റണ്ണോടെ കോലിയും ക്രീസില്‍. രോഹിത് ശര്‍മയുടെയും(14), ചേതേശ്വര്‍ പൂജാരയുടെയും(52) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റബാദയ്ക്കാണ് രണ്ടു വിക്കറ്റും.

183 പന്തിലാണ് മായങ്ക് ടെസ്റ്റിലെ രണ്ടാമത്തെ സെഞ്ചുറിയിലെത്തിയത്. 16 ഫോറും രണ്ട് സിക്സറും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിംഗ്സ്. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി കരുത്തറിയിച്ച രോഹിത് ശര്‍മയെ തുടക്കത്തിലെ നഷ്ടമായ ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ 138 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ചേതേശ്വര്‍ പൂജാര-മായങ്ക് അഗര്‍വാള്‍ സഖ്യമാണ് വമ്പന്‍ സ്കോറിനുള്ള അടിത്തറയൊരുക്കിയത്.

14 റണ്‍സെടുത്ത രോഹിത്തിനെ റബാദ, വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 25 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. 22-ാം അര്‍ധസെഞ്ചുറി തികച്ചതിന് തൊട്ടുപിന്നാലെ പൂജാരയെ(52) റബാദ സ്ലിപ്പില്‍ ഡൂപ്ലെസിയുടെ കൈകകളിലെത്തിച്ചു.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റവുമായാണ് ഇറങ്ങിയത്.  ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്‍‍റിച്ച് നോര്‍ജെയെ ടീമിലുള്‍പ്പെടുത്തി.