ബെംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. ബെംഗളൂരുവില്‍ രാത്രി ഏഴിനാണ് കളി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ട്വന്‍റി 20 ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. തോൽവി ഒഴിവാക്കാനായാൽ നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യമായി ഇന്ത്യക്ക് ട്വന്‍റി 20 പരമ്പര സ്വന്തമാക്കാം. 

ബെംഗളൂരു ട്വന്‍റി20യിൽ ശ്രദ്ധാകേന്ദ്രമാവുക ഋഷഭ് പന്താകും. മോശം ഷോട്ടുകള്‍ക്ക് പുറത്താകുന്ന പന്തിനെതിരെ വിമര്‍ശനം കനക്കുകയാണ്. എന്നാല്‍ പന്തിനെ പിന്തുണച്ച് മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് രംഗത്തെത്തി. പന്തിനോട് സഹിഷ്‌ണുത കാട്ടണമെന്നും കാത്തിരിക്കണമെന്നുമാണ് ആരാധകരോട് പ്രസാദ് ആവശ്യപ്പെട്ടത്. 

മൊഹാലിയില്‍ നടന്ന രണ്ടാം ടി20യില്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ വിജയിച്ചത്. കോലി 52 പന്തില്‍ 72 റണ്‍സ് നേടി. ഈ ഇന്നിംഗ്‌സോടെ അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലെത്താന്‍ കോലിക്കായി. സഹതാരം രോഹിത് ശര്‍മ്മയെയാണ് കോലി മറികടന്നത്. രോഹിത് 97 മത്സരങ്ങളില്‍ 2434 റണ്‍സ് നേടിയപ്പോള്‍ കോലി 71 മത്സരങ്ങളില്‍ 2441 റണ്‍സ് അടിച്ചെടുത്തു.