റാഞ്ചി: ഇന്ത്യക്കെതിരെ റാഞ്ചി ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ എറിഞ്ഞിട്ട് പേസര്‍ മുഹമ്മദ് ഷമി. 335 റണ്‍സ് ലീഗ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ പ്രോട്ടീസ് ചായക്ക് പിരിയുമ്പോള്‍ 9.3 ഓവറില്‍ നാല് വിക്കറ്റിന് 26 റണ്‍സെന്ന നിലയിലാണ്. ഡീന്‍ എല്‍ഗാറും(16*) ഹെന്‍‌റിച്ച് ക്ലാസനുമാണ്(0*) ക്രീസില്‍.  അഞ്ച് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി കൊടുങ്കാറ്റായപ്പോള്‍ ഉമേഷ് യാദവ് ഒരു വിക്കറ്റ് വീഴ്‌ത്തി. 

രണ്ടാം ഇന്നിംഗ്‌സില്‍ വീണ്ടും ഷമി മാജിക്

ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിനെ(5) രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ബൗള്‍ഡാക്കി ഉമേഷ് യാദവാണ് ആദ്യ പ്രഹരമേല്‍പിച്ചത്. തൊട്ടടുത്ത ഓവറില്‍ സുബൈര്‍ ഹംസയുടെ സ്റ്റംപ് അക്കൗണ്ട് തുറക്കും മുന്‍പ് ഷമിയും പിഴുതു. ഏഴാം ഓവറില്‍ നായകന്‍ ഫാഫ് ഡുപ്ലസിയെ(4) എല്‍ബിയില്‍ കുടുക്കിയും ഒന്‍പതാം ഓവറില്‍ തെംബാ ബാവുമയെ(0) വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ചും ഷമി മികവ് കാട്ടി. ആറ് വിക്കറ്റ് അവശേഷിക്കേ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 309 റണ്‍സ് കൂടി വേണം.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 497 റണ്‍സ് പിന്തുടര്‍ന്ന പ്രോട്ടീസ് 56.2 ഓവറില്‍ 162 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യ 335 റണ്‍സിന്‍റെ ലീഡ് നേടി. ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സുബൈര്‍ ഹംസയാണ് പ്രോട്ടീസിന്‍റെ ടോപ് സ്‌കോറര്‍. മുപ്പത്തിയേഴ് റണ്‍സ് നേടിയ ജോര്‍ജ് ലിന്‍ഡെയും 32 റണ്‍സ് നേടിയ തെംബാ ബാവുമയുമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമിയും ഷഹബാദ് നദീമും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റും നേടി. 

തകര്‍ത്താടി രോഹിത്, ക്ലാസ് രഹാനെ, മിന്നല്‍ ഉമേഷ്

ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(212), 11-ാം സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയും(115) ആണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍(497-9) സമ്മാനിച്ചത്. രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയും(51), അവസാന ഓവറുകളിലെ ഉമേഷ് യാദവ് വെടിക്കെട്ടും(10 പന്തില്‍ 31) ഇന്ത്യക്ക് നിര്‍ണായകമായി. ദക്ഷിണാഫ്രിക്കയ്‌ക്കായി ജോര്‍ജ് ലിന്‍ഡെ നാലും കാഗിസോ റബാഡ മൂന്നും വിക്കറ്റ് വീഴ്‌ത്തി.