ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ റാഞ്ചിയില്‍ തുടക്കമാവുന്നു. 

റാഞ്ചി: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. റാഞ്ചിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയിലേറ്റ വമ്പന്‍ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ടീം ഇന്ത്യ ഇറങ്ങുന്നത.് ചരിത്രവിജയം ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ ദക്ഷിണാഫ്രിക്കയും. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് റാഞ്ചിയില്‍ തുടക്കമാവുമ്പോള്‍ സമ്മര്‍ദം ഇന്ത്യക്ക് തന്നെയാണ്. കോച്ച് ഗൗതം ഗംഭീറിന് ആധികാരിക ജയത്തിലൂടെ മാത്രമേ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ കഴിയൂ.

ടെസ്റ്റ് പരമ്പരയിലെ ബാറ്റിംഗ് തകര്‍ച്ച പരിചയസമ്പന്നരായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും സാന്നിധ്യത്തിലൂടെ ചെറുക്കാനാവുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷ. ഏകദിനത്തില്‍ 84 സെഞ്ച്വറികളോടെ ഇരുവരും അടിച്ചുകൂട്ടിയത് 47,575 റണ്‍സ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിക്കേറ്റ് പുറത്തായതോടെ ടീമിനെ നയിക്കുന്നത് കെ എല്‍ രാഹുലാണ്. ഹാര്‍ദിക് പണ്ഡ്യയുടെയും അക്‌സര്‍ പട്ടേലിന്റെയും അഭാവത്തില്‍ രവീന്ദ്ര ജഡേജയ്ക്കും വാഷിംഗ്ടണ്‍ സുന്ദറിനുമാണ് ഓള്‍റൗണ്ടര്‍മാരുടെ ചുമതല.

അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരിലാണ് ബൗളിംഗ് പ്രതീക്ഷ. ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവന്‍ അറിയാം.

ഇന്ത്യ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്.

മറുവശത്ത്, ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ക്വിന്റണ്‍ ഡി കോക്ക് വൈറ്റ് ബോള്‍ ടീമിലുണ്ട്. മാര്‍ക്കോ യാന്‍സണ്‍, ടോണി ഡി സോര്‍സി, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ പ്രകടനം ദക്ഷിണാഫ്രിക്കയക്ക് നിര്‍ണായകം. കാഗിസോ റബായുടെ അഭാവത്തില്‍ ലുംഗി എന്‍ഗിഡിയാവും പേസ് നിരയെ നയിക്കുക.

YouTube video player