ധര്‍മശാല: കൊവിഡ് 19 ആശങ്കയുടെ നിഴലില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് നാളെ ധര്‍മശാലയില്‍ തുടക്കമാവും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പരിക്ക് മൂലം ടീമില്‍ നിന്ന് വിട്ടു നിന്നിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ആരൊക്കെ പുറത്തുപോവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാന്‍ ഓപ്പണറായി തിരിച്ചെത്തിയേക്കും. ഏകദിന ലോകകപ്പിന് ശേഷം തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലായ ധവാന് ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് അനിവാര്യമാണ്. ധവാനൊപ്പം ഓപ്പണിംഗ് പങ്കാളിയായി പൃഥ്വി ഷാ ഇറങ്ങും. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരുമെന്നതിനാല്‍ പൃഥ്വി തന്നെയാവും ഓപ്പണിംഗില്‍ ധവാന്റെ പങ്കാളി.

Alos Read: ആദ്യ ഏകദിനം: ബിസിസിഐയുടെ പദ്ധതി പാളി? ധര്‍മ്മശാലയില്‍ നിന്ന് നിരാശവാര്‍ത്ത

വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരിറങ്ങും. അഞ്ചാമനായി രാഹുല്‍ ക്രീസിലെത്തുമ്പോള്‍ ആറാം നമ്പറില്‍ മനീഷ് പാണ്ഡെ കളിക്കും. ആറു മാസത്തെ ഇടവേളക്കുശേഷം പരിക്ക് മാറി തിരിച്ചെത്തുന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ എഴാമനായി ബാറ്റിംഗിനിറങ്ങും.

എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എത്തും. ധര്‍മശാലയിലെ പിച്ച് പേസ് ബൗളര്‍മാരെ തുണക്കുമെന്നതിനാല്‍ മൂന്ന് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും നവദീപ് സെയ്നിയും ജസ്പ്രീത് ബുമ്രയും ടീമിലെത്തും.