മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. നേരിയ പരിക്ക് അലട്ടുന്ന പേസ് ബൗളര്‍ ജസപ്രീത് ബുമ്രയെ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. ബുമ്രക്ക് പകരക്കാരനായി ഉമേഷ് യാദവ് ടീമിലെത്തി.

പതിവ് പരിശോധനകള്‍ക്കിടെയാണ് ബുമ്രയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്. പരിക്കില്‍ നിന്ന് മുക്തനാവുന്നതുവരെ ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുമെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുക.

Also Read: ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ബുമ്രയെ കളിപ്പിക്കരുതെന്ന് മുന്‍താരം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ ഹാട്രിക്ക് അടക്കം ബുമ്ര 13 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതുവരെ കളിച്ച 12 ടെസ്റ്റില്‍ നിന്ന് 62 വിക്കറ്റ് വീഴ്ത്തിയ ബുമ്ര ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ബുമ്രയെ ഇന്ത്യന്‍ പിച്ചുകളില്‍ കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു.

മൂന്ന് ടെസ്റ്റുകളാണ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലുള്ളത്. അടുത്തമാസം രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ്.