Asianet News MalayalamAsianet News Malayalam

മായങ്കിന് ഡബിള്‍, നിരാശപ്പെടുത്തി കോലിയും പൂജാരയും; ഇന്ത്യ കുതിക്കുന്നു

ടെസ്റ്റിലെ ആദ്യ സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി മാറ്റിയ മായങ്ക് 358 പന്തിലാണ് ഡബിള്‍ സെഞ്ചുറിയിലെത്തിയത്. 22 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിംഗ്സ്.

India vs South Africa Mayank Agarwal scores double India batting strong against South Africa
Author
Vishakhapatnam, First Published Oct 3, 2019, 2:15 PM IST

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്നു. ടെസ്റ്റിലെ ആദ്യ സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി മാറ്റിയ മായങ്ക് 358 പന്തിലാണ് ഡബിള്‍ സെഞ്ചുറിയിലെത്തിയത്. 22 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിംഗ്സ്. 209 റണ്‍സുമായി ക്രീസിലുള്ള മായങ്കിനൊപ്പം 15 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ്  ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെന്ന നിലയിലാണ്.

നേരത്തെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 202 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി രോഹിത്-മായങ്ക് ഓപ്പണിംഗ് സഖ്യം  317 റണ്‍സെടുത്താണ് വേര്‍ പിരിഞ്ഞത്. നൂറിലധികം റണ്‍സ് ആദ്യ സെഷനില്‍ ഇന്ത്യ നേടിയ ശേഷമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നേടാനായത്.

രോഹിത്തിന്‍റെ കട്ട ഹീറോയിസം

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ ഇന്നിംഗ്‌സില്‍ കട്ട ഹീറോയിസമാണ് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ കാട്ടിയത്. ഓപ്പണറായി രോഹിത്തിന് തിളങ്ങാനാകുമോ എന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ടുള്ള തകര്‍പ്പന്‍ മറുപടി. 84 പന്തില്‍ അര്‍ധ സെഞ്ചുറി, 154 പന്തില്‍ സെഞ്ചുറി, 224 പന്തില്‍ 150 റണ്‍സ്... എന്നിങ്ങനെയായിരുന്നു രോഹിത്തിന്‍റെ റണ്‍വേട്ട. ആദ്യ ദിനം തന്നെ അഞ്ച് സിക്‌സുകള്‍ ഗാലറിയിലെത്തിച്ച് രോഹിത് ഹിറ്റ്‌മാന്‍ ശൈലി ടെസ്റ്റിലും ഊട്ടിയുറപ്പിച്ചിരുന്നു. 244 പന്തില്‍ 176 റണ്‍സെടുത്ത രോഹിത്തിനെ കേശവ് മഹാരാജിന്റെ പന്തില്‍ ഡീ കോക്ക് സ്റ്റം പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

മായങ്ക്- രോഹിത് റെക്കോര്‍ഡ് കൂട്ടുകെട്ട്

India vs South Africa Mayank Agarwal scores double India batting strong against South Africaവിശാഖപട്ടണത്ത് രോഹിത്തും മായങ്കും ഓപ്പണിംഗില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഏത് വിക്കറ്റിലെയും ടീം ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ചെന്നൈയില്‍ 2007/08ല്‍ 268 റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗ്- രാഹുല്‍ ദ്രാവിഡ് സഖ്യത്തെയാണ് ഇരുവരും മറികടന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടുമാണ് ഇന്ന് പിറന്നത്. മായങ്ക് 204 പന്തിലാണ് ആദ്യ ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്.

നിരാശപ്പെടുത്തി പൂജാരയും കോലിയും

മായങ്കിന്റെയും രോഹിത്തിന്റെയും റണ്‍വേട്ടക്കിടയിലും ഇന്ത്യക്ക് നിരാശയായി ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോലിയും. ആറ് റണ്‍സെടുത്ത പൂജാര ഫിലാന്‍ഡര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്തായപ്പോള്‍ നല്ല തുടക്കമിട്ട കോലി 20 റണ്‍സുമായി സെനുറാന്‍ മുത്തുസ്വാമിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി ക്രീസ് വിട്ടു. മുത്തുസ്വാമിയുടെ ആദ്യ ടെസ്റ്റ് വിക്കറ്റാണിത്.

ആദ്യ ദിനം   

തുടക്കത്തിലെ ലഭിച്ച സ്വിങ് മുതലാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കാതെ വന്നപ്പോള്‍ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് ആദ്യദിനം നല്‍കിയത്. സൂപ്പര്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ വിരമിക്കല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ ദുര്‍ബലമാക്കി. മഴമൂലം ആദ്യ ദിനം 51.9 ഓവര്‍ മാത്രമാണ് എറിഞ്ഞത്. ആദ്യ ദിനം 202/0 കളി നിര്‍ത്തുമ്പോള്‍ രോഹിത്(115*), മായങ്ക് അഗര്‍വാള്‍(84*) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

Also Read: സ്മിത്തിന്റെ ആ റെക്കോര്‍ഡ് രോഹിത്ത് തകര്‍ക്കും; പ്രവചനവുമായി അക്തര്‍

Follow Us:
Download App:
  • android
  • ios