പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് നാളെ പുനെയില്‍ തുടക്കമാകാനിരിക്കെ ആരെ കൊള്ളും ആരെ തള്ളുമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓപ്പണിംഗ് സ്ഥാനത്ത് മായങ്ക് അഗര്‍വാളും രോഹിത് ശര്‍മയും സീറ്റ് ഉറപ്പിക്കുമ്പോള്‍ വണ്‍ ഡൗണായി പൂജാരയും നാലാം നമ്പറില്‍ കോലിയും ഇറങ്ങുമെന്നുറപ്പാണ്.

വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയ്ക്ക് ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ തിളങ്ങാനായില്ലെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ രഹാനെ തുടരും. ആറാം നമ്പറിലാണ് ഇന്ത്യ പ്രതീക്ഷിക്കുന്ന മാറ്റത്തിന് സാധ്യതയുള്ളത്. പൂനെയിലെ ബൗണ്‍സ് കുറഞ്ഞ പിച്ചില്‍ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങാന്‍ വിരാട് കോലി തീരുമാനിച്ചാല്‍ മധ്യനിരയില്‍ ഹനുമാ വിഹാരിക്ക് ടീമില്‍ സ്ഥാനം നഷ്ടമാവും.

വൃദ്ധിമാന്‍ സാഹയുടെയും ജഡേജയുടെയും അശ്വിന്റെയും ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്താല്‍ വിഹാരിക്ക് പകരം ഒരു ബൗളറെ കൂടി കളിപ്പിക്കാന്‍ കോലി തീരുമാനിക്കാനിടയുണ്ട്. അങ്ങനെ വന്നാല്‍ ജഡേജയ്ക്കും അശ്വിനും ഇഷാന്ത് ശര്‍മക്കും മുഹമ്മദ് ഷമിക്കുമൊപ്പം മൂന്നാം പേസറായി ഉമേഷ് യാദവ് ടീമിലെത്താനാണ് സാധ്യത. ബൗണ്‍സ് കുറഞ്ഞ പിച്ചില്‍ ഉമേഷ് അപകടകാരിയാകുമെന്നതും അനുകൂലഘടകമാണ്. ഇതുമാത്രമാകും പൂനെയില്‍ ഇന്ത്യ വരുത്താനിടയുള്ള ഒരേയൊരു മാറ്റം.