വിശാഖപട്ടണം: സിക്സര്‍ നേട്ടത്തില്‍ രോഹിത് ശര്‍മയ്ക്ക് ലോക റെക്കോര്‍ഡ്. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതൽ സിക്സര്‍ നേടുന്ന ബാറ്റ്സ്മാന്‍ എന്ന നേട്ടം രോഹിത് സ്വന്തമാക്കി. വിശാഖപ്പട്ടണം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി രോഹിത് 13 സിക്സര്‍ ആണ് നേടിയത്.1996ല്‍ സിംബാബ്‍‍വെക്കെതിരെ 257 റണ്‍സടിച്ച പാക്കിസ്ഥാന്‍ താരം വസീം അക്രം 12 സിക്സര്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് രോഹിത് ഇന്ന് പഴങ്കഥയാക്കിയത്.

ആദ്യ ഇന്നിംഗ്സില്‍ ആറും രണ്ടാം ഇന്നിംഗ്ല്‍ ഏഴും സിക്സര്‍ രോഹിത് നേടി. 1994ൽ ശ്രീലങ്കയ്ക്കെതിരായ ലക്നൗ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്നതിനിടെ എട്ട് സിക്സര്‍ പറത്തിയ നവ്ജോത് സിംഗ് സിദ്ധുവിന്‍റെ പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡും രോഹിത് നേരത്തെ മറികടന്നിരുന്നു.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, അജിന്‍ക്യ രഹാനെ, ഹാര്‍ദിക് പണ്ഡ്യ, എന്നിവര്‍ ഒരു ടെസ്റ്റില്‍ ഏഴ് സിക്സര്‍ വീതം നേടി രോഹിത്തിനും സിദ്ദുവിനു പിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്