ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം ഇന്ന് ധരംശാലയിൽ നടക്കും.
ധരംശാല: ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ധരംശാലയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടി20 ലോകകപ്പിലേക്ക് രണ്ട് മാസത്തെ ദൂരമേയുള്ളൂ. പരമ്പര നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്ക് കഴിഞ്ഞ ദിവസം മുല്ലാന്‍പൂരില്‍ കിട്ടിയത് ശക്തമായ മുന്നറിയിപ്പ്. ഈവര്‍ഷം ആദ്യമായി സൂര്യകുമാര്‍ യാദവ് ടോസ് നേടിയ മത്സരത്തില്‍ ഇന്ത്യ നേരിട്ടത് 51 റണ്‍സ് തോല്‍വി. പരമ്പരയില്‍ മുന്നില്‍ എത്താന്‍ ഇറങ്ങുമ്പോല്‍ പ്രധാന ആശങ്ക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും റണ്‍ വരള്‍ച്ച.
സഞ്ജു സാംസണ് പകരം ഓപ്പണറുടെ റോളില്‍ എത്തിയ ഗില്ലിന് ഇതുവരെ പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല. ആദ്യ കളിയില്‍ നാല് റണ്ണിന് മടങ്ങിയ ഗില്ലിന് കഴിഞ്ഞ മത്സരത്തില്‍ അക്കൗണ്ട് തുറക്കാന്‍പോലുമായില്ല. സൂര്യകുമാര്‍ യാദവിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ജിതേഷ് ശര്‍മ്മ വിക്കറ്റ് കീപ്പറായി തുടരുന്നതോടെ സഞ്ജുവിന്റെ സ്ഥാനം ബെഞ്ചില്‍ തന്നെയായിരിക്കും. ഹാര്‍ദിക് പണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിനൊപ്പം ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി ത്രയത്തിന്റെ ബൗളിംഗ് കരുത്തും നിര്‍ണായകമാവും.
ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത വളരെകുറവ്. ആധികാരിക ജയത്തിന്റെ ആത്മ വിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. മുല്ലാന്‍പൂരിലെ വിജയശില്‍പി ക്വിന്റണ്‍ ഡി കോക്കിന്റെ ബാറ്റിലേക്കാണ് ദക്ഷിണാഫ്രിക്ക ഉറ്റുനോക്കുന്നത്. എയ്ഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് േ്രബവിസ്, ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സന്‍ എന്നിവര്‍കൂടി ഫോമിലേക്കെത്തിയാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ക്കും. പേസര്‍മാരെ തുണയ്ക്കുന്ന ധരംശാലയില്‍ രണ്ടാമത് പന്തെറിയുക കനത്ത വെല്ലുവിളി. ഇവിടെ കളിച്ച അഞ്ച് ട്വന്റി 20യില്‍ നാലിലും ജയിച്ചത് റണ്‍സ് പിന്തുടര്‍ന്നവര്‍.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

