റാഞ്ചി: ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റത്തില്‍ വീണ്ടും പിഴച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ആന്‍റിച്ച് നോര്‍ജെയുടെ പന്തില്‍ കോലിയെ എല്‍ബിഡബ്ല്യു വിളിച്ച അമ്പയര്‍ നീല്‍ ലോംഗിന്റെ തീരുമാനമാണ് കോലി റിവ്യു ചെയ്തത്.

റിവ്യൂവില്‍ പന്ത് ലെഗ് സ്റ്റംപിന് മുകളില്‍ കൊള്ളുമെന്ന് വ്യക്തമായതിനാല്‍ അമ്പയറുടെ തീരുമാനം നിലനിന്നു. ഇതോടെ കോലി ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടക്കുകയും ചെയ്തു. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് കോലിക്ക് സ്വന്തം ഔട്ടിന്റെ കാര്യത്തില്‍ റിവ്യു പിഴയ്ക്കുന്നത്. 2017ല്‍ ശ്രീലങ്കക്കെതിരെ ആണ് കോലി സ്വന്തം ഔട്ട് റിവ്യു ചെയ്ത് പുറത്താകാതെ രക്ഷപ്പെട്ടത്.

ആദ്യ ടെസ്റ്റില്‍ വിക്കറ്റൊന്നും നേടാനാവാതിരുന്ന നോര്‍ജെക്ക് രണ്ടാം ടെസ്റ്റില്‍ തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായി കോലിയുടെ വിക്കറ്റ് തന്നെ ലഭിച്ചു. ആദ്യ ടെസ്റ്റ് വിക്കറ്റായി കോലിയുടെ വിക്കറ്റെടുക്കുന്ന നാലാമത്തെ മാത്രം ബൗളറാണ് നോര്‍ജെ.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരങ്ങളായ കാഗിസോ റബാദ, സെനുരാന്‍ മുത്തുസ്വാമി, വെസ്റ്റ് ഇന്‍ഡീസിന്റെ അല്‍സാരി ജോസഫ് എന്നിവരാണ് ആദ്യ ടെസ്റ്റ് വിക്കറ്റായി കോലിയുടെ വിക്കറ്റ് സ്വന്തമാക്കിയ മറ്റ് ബൗളര്‍മാര്‍.