കോലി വിജയത്തില്‍ പുതിയ ചരിത്രമെഴുതിയപ്പോള്‍ ദക്ഷിണാഫ്രിക്ക കുറിച്ചത് നാണക്കേടിന്റെ റെക്കോര്‍ഡാണ്. ഒരു പരമ്പരയിലെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് തോല്‍വി വഴങ്ങുന്നത് 1935-36നുശേഷം ഇതാദ്യമാണ്.

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ വിജയത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ തൂത്തുവാരുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് കോലി ഇന്ന് സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ നേടിയ സമ്പൂര്‍ണ ജയം കോലിയുടെ ക്യാപ്റ്റന്‍സി കരിയറിലെ മൂന്നാമത്തെ സമ്പൂര്‍ണ ജയമാണ്. ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള പരമ്പരയില്‍ രണ്ട് തവണ പരമ്പര തൂത്തുവാരിയിട്ടുള്ള മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോര്‍ഡാണ് കോലി ഇന്ന് മറികടന്നത്. ന്യൂസിലന്‍ഡിനെതിരെയും(3-0), ശ്രീലങ്കക്കെതിരെയും(3-0) ആണ് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇതിന് മുമ്പ് പരമ്പര തൂത്തുവാരിയത്.

കോലി വിജയത്തില്‍ പുതിയ ചരിത്രമെഴുതിയപ്പോള്‍ ദക്ഷിണാഫ്രിക്ക കുറിച്ചത് നാണക്കേടിന്റെ റെക്കോര്‍ഡാണ്. ഒരു പരമ്പരയിലെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് തോല്‍വി വഴങ്ങുന്നത് 1935-36നുശേഷം ഇതാദ്യമാണ്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ തോല്‍വിയാണ് ഇന്നത്തേത്.

രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയശേഷം ഇത് മൂന്നാം തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക ഒരു പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. 2001-02ലും 2005-06ലും ഓസ്ട്രേലിയക്കെതിരെ ആയിരുന്നു ഇതിനു മുമ്പ് ദക്ഷിണാഫ്രിക്ക ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റത്.