ഹോള്‍ക്കറില്‍ 2017ല്‍ നടന്ന ഇന്ത്യ- ലങ്ക ടി20യില്‍ കൂറ്റന്‍ സ്‌കോറാണ് പിറന്നത്. അന്ന് താരമായത് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ. 

ഇന്‍ഡോര്‍: ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 നടക്കുന്ന ഇന്‍ഡോറിലെ ഹാള്‍ക്കര്‍ സ്റ്റേഡിയത്തിലേത് റണ്ണൊഴുകും പിച്ച്. ഹോള്‍ക്കറില്‍ 2017ല്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ കൂറ്റന്‍ സ്‌കോറാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43 പന്തില്‍ 118 റണ്‍സെടുത്ത ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 260 റണ്‍സ് അടിച്ചുകൂട്ടി. മത്സരം 88 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

ഇന്‍ഡോര്‍ ടി20ക്ക് മഴ ഭീഷണിയില്ല എന്നാണ് റിപ്പോര്‍ട്ട്. മത്സരം 40 ഓവറും നടക്കും എന്നത് ആരാധകരെ സന്തോഷിപ്പിക്കുന്നു. 14 മുതല്‍ 16 ഡിഗ്രി വരെയായിരിക്കും മത്സരം നടക്കുമ്പോള്‍ ഇന്‍ഡോറിലെ തണുപ്പ്. എന്നാല്‍ മഞ്ഞുവീഴ്‌ചയെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഹോള്‍ക്കറില്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഔട്ട്‌ഫീല്‍ഡില്‍ പ്രത്യേക സ്‌പ്രേ അടിച്ചും കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രൗണ്ട് നനയ്‌ക്കാതെയുമാണ് ഈ നീക്കം. 

ഹോള്‍ക്കറിലെ റെക്കോര്‍ഡും ടീം ഇന്ത്യക്ക് അനുകൂലം

ഹോള്‍ക്കറില്‍ 2006 മുതല്‍ ഇതുവരെ നടന്ന എട്ട് രാജ്യാന്തര മത്സരങ്ങളിലും ടീം ഇന്ത്യക്കായിരുന്നു ജയം. ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരകളിലും ഇന്ത്യക്ക് അഭിമാന നേട്ടങ്ങളുടെ ചരിത്രമാണുള്ളത്. ഇന്ത്യയും ശ്രീലങ്കയും ടി20യില്‍ ആറ് പരമ്പരകളിലാണ് ഇതുവരെ ഏറ്റുമുട്ടിയത്. ഇന്ത്യ അഞ്ച് പരമ്പര വിജയിച്ചപ്പോള്‍ ഒരുതവണ ലങ്ക സമനിലപിടിച്ചു. ആകെ 17 മത്സരങ്ങളില്‍ 11 എണ്ണത്തില്‍ ഇന്ത്യക്ക് വിജയിക്കാനായി. 

വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ- ലങ്ക രണ്ടാം ടി20 ആരംഭിക്കുന്നത്. ഗുവാഹത്തിയിലെ ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഇന്നും അവസരം ലഭിക്കുന്ന കാര്യം സംശയമാണ്. പരിക്കുമാറിയെത്തുന്ന പേസര്‍ ജസ്‌പ്രീത് ബുമ്രയും ഓപ്പണര്‍ ശിഖര്‍ ധവാനുമായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.