ഈ വര്‍ഷത്തെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ രണ്ട് റെക്കോര്‍ഡുകള്‍ കുറിച്ചാണ് കിംഗ് കോലി വരവറിയിച്ചത്. 

ഇന്‍ഡോര്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് 2020ന്‍റെ തുടക്കവും റെക്കോര്‍ഡോടെ. ഈ വര്‍ഷത്തെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ രണ്ട് റെക്കോര്‍ഡുകള്‍ കുറിച്ചാണ് കിംഗ് കോലി വരവറിയിച്ചത്. 

ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ 17 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടിയ കോലി അന്താരാഷ്‌ട്ര ടി20യില്‍ വേഗത്തില്‍ 1,000 റണ്‍സ് തികയ്‌ക്കുന്ന നായകനെന്ന നേട്ടത്തിലെത്തി. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിയുടെ നേട്ടമാണ് കോലി തകര്‍ത്ത്. 31 ഇന്നിംഗ്‌സില്‍ ഫാഫ് ആയിരം ക്ലബിലെത്തിയപ്പോള്‍ കോലിക്ക് ഒരു ഇന്നിംഗ്‌സ് കുറവേ വേണ്ടിവന്നുള്ളൂ. 

രാജ്യാന്തര ടി20യില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് വിരാട് കോലി. മുന്‍ നായകന്‍ എം എസ് ധോണിയാണ് മുന്‍പ് ഈ നാഴികക്കല്ല് പിന്നിട്ടത്. എന്നാല്‍ 57 ഇന്നിംഗ്‌സില്‍ നിന്നാണ് മഹി 1,000 തികച്ചത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 36 ഇന്നിംഗ്‌സിലും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ 42 ഇന്നിംഗ്‌സിലും ആയിരം റണ്‍സ് പിന്നിട്ടിട്ടുണ്ട്. 

അന്താരാഷ്‌ട്ര ടി20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന നേട്ടത്തിലുമെത്തി മത്സരത്തോടെ കോലി. ഇന്‍ഡോറില്‍ ഒരു റണ്‍സ് നേടിയപ്പോള്‍ സഹതാരം രോഹിത് ശര്‍മ്മയെ മറികടന്ന കോലി തന്‍റെ റണ്‍സമ്പാദ്യം 2,663ലെത്തിച്ചു. കോലി 71 ഇന്നിംഗ്‌സില്‍ നിന്നാണ് ഇത്രയും റണ്‍സ് നേടിയത്. രോഹിത് 96 ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത് 2,633 റണ്‍സും. 2436 റണ്‍സുമായി ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്.