Asianet News MalayalamAsianet News Malayalam

ഇന്ത്യ-ശ്രീലങ്ക ഏകദിനം: വിനോദ നികുതി കുറക്കില്ല, പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് കായിക മന്ത്രി

കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20യിൽ നികുതി ഉൾപ്പെടെ 1500ഉം 2750ഉും രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വര്‍ദ്ധനകൊണ്ട് കാണികൾക്ക് അധിക ഭാരമില്ലെന്നാണ് കായിക മന്ത്രി പറയുന്നത്.

India vs Sri Lanka ODI, minister-v-abdurahiman-responds over entertainment-tax-issue
Author
First Published Jan 9, 2023, 10:30 AM IST

തിരുവനന്തപുരം: കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി വിവാദം. പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി. അബ്ദുറഹ്മാൻ ന്യായീകരിച്ചത്.

കാര്യവട്ടത്ത് കളി കാണാൻ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് കായികമന്ത്രിയുടെ വിചിത്ര ന്യായീകരണം.

പിന്നല്ലാ! സൂര്യകുമാറിന്‍റെ രാജകീയ സെഞ്ചുറിക്ക് കോലിയുടെ പ്രശംസ; വൈറലായി സ്‌കൈയുടെ പ്രതികരണം

കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20യിൽ നികുതി ഉൾപ്പെടെ 1500ഉം 2750ഉും രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വര്‍ദ്ധനകൊണ്ട് കാണികൾക്ക് അധിക ഭാരമില്ലെന്നാണ് കായിക മന്ത്രി പറയുന്നത്. രാജ്യത്ത് ഇത്രയും വിലക്കയറ്റം നടക്കുമ്പോള്‍ കളി കാണാന്‍ നികുതി കുറച്ചു കൊണ്ടുക്കണമെന്നാണ് പറയുന്നത്. അങ്ങനെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോവേണ്ടെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാതിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ നിരക്കാണ് ഇത്തവണത്തേതെന്നാണ് ബിസിസിഐയുടേയും കെ സി എയുടേയും വിശദീകരണം. മത്സരം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കി താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോഴാണ് വരുമാനത്തെച്ചൊല്ലിയുള്ള സര്‍ക്കാര്‍-കെസിഎ പോരെന്നതും ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios