ചെന്നൈ: ടി20 പരമ്പരയിലെ ആവേശജയത്തിനുശേഷം വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം നാളെ ഇറങ്ങുന്നു. ചെന്നൈയിലാണ് മത്സരം. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും പരിക്കേറ്റ് പുറത്തായതിനാല്‍ മാറ്റങ്ങളോടെയാകും ഇന്ത്യ ഇറങ്ങുക.

ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഓപ്പണിംഗില്‍ രോഹിത് ശര്‍മയുടെ പങ്കാളിയായി കെ എല്‍ രാഹുല്‍ ആകും എത്തുക. ടി20യിലെ മികച്ച ഫോം ഏകദിനത്തിലും രാഹുല്‍ തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കും. ടി20യില്‍ നിരാശപ്പെടുത്തിയ അയ്യര്‍ക്ക് നാലാം നമ്പറില്‍ സ്ഥാനം ഉറപ്പിക്കാന്‍ നാളെ തിളങ്ങേണ്ടത് അനിവാര്യമാണ്.

അഞ്ചാമനായി കേദാര്‍ ജാദവ് കളിക്കാനാണ് സാധ്യത. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന ഫോമാണ് ജാദവിന് ടീമില്‍ ഇടം നല്‍കിയത്. പാര്‍ട് ടൈം ബൗളറായും ജാദവിനെ ഉപയോഗിക്കാനാവും. ആറാമനായി ഋഷഭ് പന്ത് തന്നെ ഇറങ്ങും.

ചെന്നൈയിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും അന്തിമ ഇലവനില്‍ സ്പിന്നര്‍മാരായി എത്തുമെന്നാണ് കരുതുന്നത്. ഭുവനേശ്വര്‍കുമാറിന്റെ അഭാവത്തില്‍ പേസര്‍മാരായി മുഹമ്മദ് ഷമിയും ദീപക് ചാഹറും അന്തിമ ഇലവനില്‍ കാളിക്കാനാണ് സാധ്യത.