ആന്‍റിഗ്വ: ഇന്ത്യ- വിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ആന്‍റിഗ്വയിൽ തുടക്കമാവും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യമത്സരം കൂടിയാണിത്. ട്വന്‍റി20, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പാഡണിയുന്നത്.  

കളത്തിലിറങ്ങും മുൻപ് പ്ലെയിംഗ് ഇലവനെ കണ്ടെത്തുകയാണ് ടീം ഇന്ത്യക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. സന്നാഹമത്സരത്തിൽ മങ്ങിയെങ്കിലും മായങ്ക് അഗർവാൾ, കെ എൽ രാഹുലിനൊപ്പം ഇന്നിംഗ്സ് തുറക്കാനാണ് സാധ്യത. മൂന്നും നാലും സ്ഥാനങ്ങളിൽ ചേതേശ്വർ പുജാരയ്ക്കും വിരാട് കോലിക്കും ഇളക്കമുണ്ടാവില്ല. അ‌ഞ്ചാം സ്ഥാനത്തിനായി രോഹിത് ശർമ്മയും അജിങ്ക്യ രഹാനെയും മത്സരിക്കും. വൃദ്ധിമാൻ സാഹ ടീമിലുണ്ടെങ്കിലും ഋഷഭ് പന്തായിരിക്കും വിക്കറ്റ് കാക്കാനെത്തുക.

ഹർദിക് പാണ്ഡ്യക്ക് വിശ്രമം നൽകിയതിനാൽ രവീന്ദ്ര ജഡേജ ഏഴാമനായേക്കും. ജഡേജയെ ഒഴിവാക്കിയാൽ മാത്രമേ രോഹിത്തും രഹാനെയും ഒരുമിച്ച് കളിക്കൂ. ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ എന്നിവർക്കൊപ്പം ആർ അശ്വിനോ കുൽദീപ് യാദവോ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായും ഇലവനിലെത്തും. 20 വിക്കറ്റ് വീഴ്‌ത്തുക എന്ന ലക്ഷ്യത്തോടെ അ‌ഞ്ച് ബൗളർമാരുമായി കളിക്കുന്നതാണ് കോലിക്ക് താൽപര്യം. പിച്ചിന്‍റെ സ്വഭാവം പരിഗണിച്ചേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. 

രണ്ട് വ‍ർഷം നീണ്ടുനിൽക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒൻപത് ടീമുകളാണ് ഏറ്റുമുട്ടുന്നത്. രണ്ടുവർഷത്തിനിടെ 27 പരമ്പരകളിലായി ആകെ 71 ടെസ്റ്റുകൾ. പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ 2021 ജൂണിലെ ഫൈനലിൽ എറ്റുമുട്ടും.