ഫ്ലോറി‍ഡ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്‍റി20 പരമ്പരയ്ക്ക് നാളെ ഫ്ലോറി‍ഡയിൽ തുടക്കമാകും. ട്വന്‍റി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. നാളെയും മറ്റന്നാളും അമേരിക്കയിലെ ഫ്ലോറിഡ‍യിലും ചൊവ്വാഴ്‌ച ഗയാനയിലുമാണ് ട്വന്‍റി20 മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിന് മത്സരങ്ങള്‍ തുടങ്ങും.

ടെസ്റ്റിലോ ഏകദിനത്തിലോ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ പ്രധാന ടീമുകളൊന്നും പൊതുവേ ഭയക്കാറില്ല. എന്നാല്‍ കുട്ടിക്രിക്കറ്റില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകും. ലോകമെമ്പാടുമുള്ള വിവിധ ട്വന്‍റി20 ലീഗുകളില്‍ കളിച്ച് തഴക്കംവന്ന താരനിരയാണ് കരിബീയന്‍ പടയിലുള്ളത്. ക്രിസ് ഗെയ്ൽ ഇല്ലെങ്കിലും ഇന്ത്യ- വിന്‍ഡീസ് ട്വന്‍റി20 പരമ്പര ആവേശകരമാകുമെന്ന പ്രതീക്ഷയ്ക്ക് കാരണം ഇതുതന്നെ. 

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, സുനില്‍ നരെയ്ന്‍, കീറൺ പൊള്ളാര്‍ഡ്, നിക്കോളാസ് പൂരന്‍, ആന്ദ്രേ റസല്‍, ഷെൽഡൺ കോട്രല്‍, എവിന്‍ ലൂവിസ്, ഷിമ്രോൺ ഹെറ്റ്മ‍‍യര്‍, ഒഷെയ്ന്‍ തോമസ് എന്നിവരടങ്ങുന്ന ട്വന്‍റി20 ടീമിന് ആരെയും വിറപ്പിക്കാന്‍ കഴിയും. ട്വന്‍റി 20 റാങ്കിംഗിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ് ഒന്‍പതാമതുമാണ്.