പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അവസാന ഏകദിനം ഇന്ന് നടക്കും. പോര്‍ട്ട് ഓഫ് സ്പെയിനി, ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം. പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇന്ന് തോറ്റില്ലെങ്കില്‍, കരിബീയന്‍ സംഘത്തിനെതിരെ നിയന്ത്രിത ഓവര്‍ പരമ്പരകള്‍ തൂത്തുവാരാന്‍ ഇന്ത്യക്കാകും. രണ്ടാം ഏകദിനത്തിൽ തോൽവിയുടെ വക്കില്‍ നിന്ന് തിരിച്ചുവന്ന് ഇന്ത്യ നേടിയ ജയം ഇരുടീമുകളും തമ്മിലുളള അന്തരത്തിന് തെളിവാണ്.

ട്വന്‍റി 20 ശൈലിയിൽമാത്രം ബാറ്റുവീശുന്നതാണ് വിന്‍ഡീസിന്‍റെ പ്രശ്നം. 300 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ക്രിസ് ഗെയ്‍‍ലിന്‍റെ അവസാന രാജ്യാന്തര മത്സരമാണെന്ന അഭ്യൂഹം ശക്തമാണ്.ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽകൂടി കളിക്കുമെന്ന് ലോകകപ്പിനിടെ പറഞ്ഞ ഗെയ്‍‍ലിനെ ടെസ്റ്റ് ടീമിൽ
ഉള്‍പ്പെടുത്തിയിട്ടില്ല.അതേസമയം പരമ്പര ഉറപ്പിച്ചിട്ടില്ലാത്തിനാൽ, ഇന്ത്യന്‍ ടീമിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.ഋഷഭ് പന്ത് നാലാം നമ്പറിലും ശ്രേയസ് അയ്യര്‍ അഞ്ചാം സ്ഥാനത്തും തുടരാനാണ് സാധ്യത.

കഴിഞ്ഞ നാല് രാജ്യാന്തര ഇന്നിംഗ്സുകളില്‍ 29 റൺസ് മാത്രം നേടിയ ശിഖര്‍ ധവാന്‍, മികച്ച ഇന്നിംഗ്സ് മോഹിക്കുന്നുണ്ടാകും. രണ്ടാം ഏകദിനം നടന്ന അതേ പിച്ചിലാണ് ഇന്നും കളി. മഴ ഇടയ്ക്ക് രസംകൊല്ലിയായി എത്തുമെന്നും പ്രവചനം.