ഫ്ലോറിഡ: ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കരുതലോടെ ബാറ്റുവീശിയ വിന്‍‍ഡീസിന് ഇരട്ടപ്രഹരം നല്‍കി ക്രുനാല്‍ പാണ്ഡ്യ. ഓപ്പണര്‍മാരുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായ കരീബിയന്‍ പടയ്ക്ക് പ്രതീക്ഷയേകി അര്‍ധ സെഞ്ചുറിയുമായി കുതിച്ച റോവ്മാന്‍ പവലിനെയും നിക്കോളസ് പുരാനെയും ഒരോവറില്‍ വീഴ്ത്തിയാണ് പാണ്ഡ്യ കളി ഇന്ത്യയുടെ വരുതിയിലാക്കിയത്. പവല്‍ 54 റണ്‍സ് നേടിയപ്പോള്‍ പുരാന്‍ 19 റണ്‍സാണ് നേടിയത്.

ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നതിനിടെ വെളിച്ചക്കുറവ് കളി തടസ്സപ്പെടുത്തിയിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ വിന്‍ഡീസ് 15.3 ഓവറില്‍ 98 ന് നാല് എന്ന നിലയിലാണ്. കൂറ്റനടിക്കാരന്‍ കീറോണ്‍ പൊള്ളാര്‍ഡ് അവസാന ഓവറുകളില്‍ അത്ഭുതം കാട്ടുമോയെന്നാണ് ഇനി അറിയാനുള്ളത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (67) ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ മികച്ച തുടക്കം നേടിയെങ്കിലും മധ്യനിരയ്ക്ക് കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സാധിച്ചില്ല. അല്ലെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു. ഒഷാനെ തോമസ്, ഷെല്‍ഡന്‍ കോട്ട്‌റെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ശിഖര്‍ ധവാന്‍ (23), വിരാട് കോലി (28), ഋഷഭ് പന്ത് (4), മനീഷ് പാണ്ഡെ (6) എന്നിവരാണ് പുറത്തായ താരങ്ങള്‍. ക്രുനാല്‍ പാണ്ഡ്യ (20), രവീന്ദ്ര ജഡേജ (9) എന്നിവര്‍ പുറത്താവാതെ നിന്നു. ഓപ്പണര്‍മാരായ രോഹിത്- ധവാന്‍ സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ കോലിയുമൊത്ത് 48 റണ്‍സും രോഹിത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ആര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. കോട്ട്‌റെലിനും തോമസിനും പുറമെ കീമോ പോള്‍ ഒരു വിക്കറ്റെടുത്തു.

51 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ടി20 ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന നേട്ടം രോഹിത്തിന് സ്വന്തമായി. 21 അര്‍ധ സെഞ്ചുറികളാണ് രോഹിത്തിനുള്ളത്. 20 അര്‍ധ സെഞ്ചുറിയുള്ള കോലിയെയാണ് പിന്തള്ളിയത്.