സിഡ്‌നി: വനിത ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ അഞ്ച് തോല്‍പ്പിച്ചാണ് ഓസീസ് കലാശപ്പോരിന് യോഗ്യത നേടിയത്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് ഓസീസ് ജയം സ്വന്തമാക്കിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് ഓസീസിന് നേടാനായത്. എന്നാല്‍ മഴ പെയ്തതോടെ വിജയലക്ഷ്യം പുതുക്കി നിശ്ചയിക്കേണ്ടി വന്നു. 13 ഓവറില്‍ 98 റണ്‍സായിരുന്നു പുതുക്കിയ വിജയലക്ഷ്യം. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് 13 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തിന്റെ ഒരുഘട്ടത്തില്‍ പോലും ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന തോന്നലുണ്ടാക്കിയില്ല. ലൗറ വോള്‍വാര്‍ട്ടാണ് (41) അവരുടെ ടോപ് സ്‌കോറര്‍. സുനെ ലുസ് (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിനായി മേഗന്‍ ഷട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. ജെസ്സ് ജോനസെന്‍, സോഫി മോളിനെക്‌സ്, ഡെലിസ കിമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിന്റെ (49) ഇന്നിങ്‌സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബേത് മൂണിയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നദിന്‍ ഡി ക്ലര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ സെമി മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമിനെ ഫൈനലിലേക്ക് അയക്കുകയായിരുന്നു. നാല് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് എട്ട് പോയിന്റുണ്ടായിരുന്നു. ഇംഗ്ലണ്ടിന് ആറ് പോയിന്റാണ് ഉണ്ടായിരുന്നത്.