ഗയാന: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. അഞ്ച് ടി20കളുടെ പരമ്പരയില്‍ മൂന്നാം മത്സരവും ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ജോര്‍ജ്ടൗണ്‍
പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇന്ത്യ 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ഏകദിന പരമ്പരയും ഇന്ത്യ നേടിയിരുന്നു.

രണ്ട് വിക്കറ്റ് വീതം നേടിയ രാധ യാദവ്, ദീപ്തി ശര്‍മ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. അനുജ പാട്ടീല്‍, പൂജ വസ്ത്രകര്‍, ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. രാധ യാദവ് നാലോവറില്‍ ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.  

പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷെഫാലി വര്‍മ (0), സ്മൃതി മന്ഥാന (3) എന്നിവരെ പെട്ടന്ന് നഷ്ടമായി. എന്നാല്‍ ജമീമ റോഡ്രിഗസിന്റെ (51 പന്തില്‍ പുറത്താവാതെ 40) വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ഹര്‍മന്‍പ്രീത് കൗറിന്റെ (7) വിക്കറ്റും ഇന്ത്യക്ക്് നഷ്ടമായി. ദീപ്തി ശര്‍മ (7) പുറത്താവാതെ നിന്നു.