Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് വനിതകള്‍ക്ക് മേല്‍ക്കൈ; ബ്രിസ്റ്റല്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു

ആദ്യ ഇന്നിങ്‌സില്‍ 231ന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഒന്നിന് 81 എന്ന നിലയിലാണ്. കനത്ത മഴയെ തുടര്‍ന്ന് മൂന്നാം ദിനം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
 

India Women in back foot vs England Women in Bristol Test
Author
Bristol, First Published Jun 18, 2021, 10:30 PM IST

ബ്രിസ്റ്റല്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 396-നെതിരെ ഇന്ത്യ ഫോളോഓണ്‍ ചെയ്യണ്ടിവന്നു. ആദ്യ ഇന്നിങ്‌സില്‍ 231ന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഒന്നിന് 81 എന്ന നിലയിലാണ്. കനത്ത മഴയെ തുടര്‍ന്ന് മൂന്നാം ദിനം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴും 82 റണ്‍സ് പിറകിലാണ് സന്ദര്‍ശകര്‍. നാളെ ഒരു ദിവസം കൂടി ശേഷിക്കെ പിടിച്ചുനില്‍ക്കാനായാല്‍ ഇന്ത്യക്ക് സമനിലകൊണ്ട് രക്ഷപ്പെടാം. 

സ്മൃതി മന്ഥാനയുടെ (8) വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. ഷെഫാലി വര്‍മ (55), ദീപ്തി ശര്‍മ (18) എന്നിവരാണ് ക്രീസില്‍. കാതറീന്‍ ബ്രന്റിന്റെ പന്തില്‍ നതാലി സ്‌കിവറിന് ക്യാച്ച് നല്‍കിയാണ് മന്ഥാന മടങ്ങിയത്. അഞ്ചിന് 187 എന്ന നിലയിലാണ് ഇന്ത്യന്‍ വനിതകള്‍ മൂന്നാം ദിനം ആരംഭിച്ചു. എന്നാല്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഹര്‍മന്‍പ്രീത് കൗര്‍ (4), താനിയ ഭാട്ടിയ (0), സ്‌നേഹ റാണ (2), പൂജ വസ്ത്രക്കര്‍ (12), ജുലന്‍ ഗോസ്വാമി (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ദീപ്തി ശര്‍മ (29) പുറത്താവാതെ നിന്നു. 

സ്മൃതി മന്ഥാന (78), ഷെഫാലി വര്‍മ (96), പൂനം റാവത്ത് (2), ഷിഖ പാണ്ഡെ (0), മിതാലി രാജ് (2) എന്നിവരുടെ വിക്കറ്റുകള്‍ രണ്ടാംദിനം നഷ്ടമായിരുന്നു. സോഫി എക്ലേസ്റ്റോണ്‍ ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി. ഹീതര്‍ നൈറ്റ് രണ്ടും വിക്കറ്റ് നേടി. 

ഇംഗ്ലണ്ടിനായി നൈറ്റ് (95), സോഫിയ ഡങ്ക്‌ളി (74), ടാമി ബ്യൂമോണ്ട് (66), അന്യ ഷ്രുബ്‌സോള്‍ (47) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Follow Us:
Download App:
  • android
  • ios