മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ആദ്യ ദിനം തന്നെ തകര്‍ത്തടിച്ച ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും 16.4 ഓവറില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സടിച്ചശേഷമാണ് വേര്‍ പിരിഞ്ഞത്.

മുംബൈ: ഓസ്ട്രേലിയക്കെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രലിയന്‍ വനിതകള്‍ 219 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ നാലു വിക്കറ്റെടുത്ത പൂജ വസ്ട്രാക്കറും മൂന്ന് വിക്കറ്റെടുത്ത സ്നേഹ് റാണയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. 50 റണ്‍സെടുത്ത താഹില മക്ഗ്രാത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ബെത്ത് മൂണി(40), ക്യാപ്റ്റന്‍ അലീസ ഹീലി(38) എന്നിവരും ഓസീസിനായി പൊരുതി.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ആദ്യ ദിനം തന്നെ തകര്‍ത്തടിച്ച ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും 16.4 ഓവറില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സടിച്ചശേഷമാണ് വേര്‍ പിരിഞ്ഞത്. 40 റണ്‍സെടുത്ത ഷഫാലിയെ ജെസ് ജോണ്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. 43 റണ്‍സോടെ സ്മൃതി മന്ദാനയും നാലു റണ്ണുമായി സ്നേഹ് റാണയും ക്രീസില്‍. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഓസീസ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനി 121 റണ്‍സ് കൂടി മതി.

സ്റ്റാര്‍ക്കിനും കമിന്‍സിനുമൊക്ക അത്രയും കൊടുക്കേണ്ടതുണ്ടോ, വിമര്‍ശനവുമായി ഡിവില്ലിയേഴ്സ്

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസ് വനിതകള്‍ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ഫോബെ ലിച്ചിഫീല്‍ഡിനെ(0) റണ്ണൗട്ടിലൂടെ നഷ്ടമായ ഓസീസിന് രണ്ടാം ഓവറില്‍ എല്ലിസ് പെറിയുടെ(4) നിര്‍ണായക വിക്കറ്റും നഷ്ടമായി. പൂജ വസ്ട്രാക്കറുടെ ഇന്‍സ്വിംഗറില്‍ എല്ലിസ് പെറിയുടെ മിഡില്‍ സ്റ്റംപ് തെറിച്ചു.

Scroll to load tweet…

പിന്നീട് ബെത്ത് മൂണിയും തഹ്‌ലിയ മക്‌ഗ്രാത്തും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് ഓസീസിനെ 87 റണ്‍സിലെത്തിച്ചെങ്കിലും മക്‌ഗ്രാത്തിനെ(50) വീ്ഴ്ത്തി സ്നേഹ് റാണ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ബെത്ത് മൂണിയെ(40) വസ്ട്രാക്കറും വീഴ്ത്തിയതോടെ ഓസീസ് 103-4ലേക്ക് വീണു.

അലീസ ഹീലിയും അനാബെല്‍ സതര്‍ലാന്‍ഡും(16) ചേര്‍ന്ന് വീണ്ടുമൊരു കൂട്ടുകെട്ട് ഉയര്‍ത്തുന്നതിനിടെ വീണ്ടും വസ്ട്രാക്കര്‍ ആഞ്ഞടിച്ചു. സതര്‍ലാന്‍ഡിനെയും പിന്നീടെത്തിയ ആഷ്‌‌ലി ഗാര്‍ഡ്‌നറെയും(11) മടക്കിയ വസ്ട്രാക്കര്‍ ഓസീസിന്‍റെ നടുവൊടിച്ചു. പൊരുതി നിന്ന ഹീലിയെ(38) ദീപ്തി ശര്‍മ വീഴ്ത്തിയെങ്കിലും പൊരുതി നിന്ന ജെസ് ജൊനാസനും(19) കിം ഗാര്‍ത്തും(28*) ചേര്‍ന്ന് ഓസീസിനെ 200 കടത്തി. ഇന്ത്യക്കായി പൂജ വസ്ട്രാക്കര്‍ 53 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ സ്നേഹ് റാണ 56 റണ്‍സിന് മൂന്നും ദീപ്തി ശര്‍മ 45 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക