Asianet News MalayalamAsianet News Malayalam

വിജയം സമ്പൂര്‍ണം; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; രോഹിത്തും ബുമ്രയും ഹീറോ

നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബുമ്രയും നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.   
 

India won 5th T20I and Clinch T20 Series by 5 0 vs New Zealand
Author
Bay Oval, First Published Feb 2, 2020, 4:15 PM IST

ബേ ഓവല്‍: ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ വൈറ്റ്‌വാഷ് ചെയ്ത് ടീം ഇന്ത്യ. ബേ ഓവലില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഏഴ് റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പര 5-0ന് തൂത്തുവാരി. ഇന്ത്യ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 156 റണ്‍സെടുക്കാനേയായുള്ളൂ. സ്‌കോര്‍- ഇന്ത്യ-163/3, ന്യൂസിലന്‍ഡ്-156-9. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബുമ്രയും നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുമാണ്(60) ഇന്ത്യക്ക് ജയം സമ്മാനിച്ചത്.   

164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. പവര്‍പ്ലേയില്‍ 41 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മാര്‍ട്ടിന്‍ ഗപ്‌ടിലിനെ(2) ബുമ്രയും കോളിന്‍ മണ്‍റോയെ(15) വാഷിംഗ്‌ടണും പുറത്താക്കിയപ്പോള്‍ ടോം ബ്രൂസ്(0) റണ്‍ഔട്ടായി. എന്നാല്‍ ടിം സീഫര്‍ട്ടും റോസ് ടെയ്‌ലറും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചോടിച്ചു. 

നൂറാം ടി20യില്‍ 100 മാര്‍ക്കിനരികെ ടെയ്‌ലര്‍

India won 5th T20I and Clinch T20 Series by 5 0 vs New Zealand

ബ്രേക്ക് ത്രൂ ലഭിക്കാന്‍ 13-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 30 പന്തില്‍ 50 റണ്‍സെടുത്ത സീഫര്‍ട്ടിനെ സഞ്ജു സാംസണ്‍ പിടികൂടി. ഡാരില്‍ മിച്ചലും(2), മിച്ചല്‍ സാന്‍റ്‌നറും(6), സ്‌കോട്ട് കുഗ്ലെജനും(0) പുറത്തായെങ്കിലും റോസ് ടെയ്‌ലര്‍ ഒരറ്റത്തുനിന്നു. 53 റണ്‍സെടുത്ത ടെയ്‌ലറെ 18-ാം ഓവറില്‍ സെയ്‌നി മടക്കിയതോടെ കളി ഇന്ത്യയുടെ കയ്യിലായി. 19-ാം ഓവറില്‍ നായകന്‍ ടിം സൗത്തിയെ(6) പുറത്താക്കി ബുമ്ര ഇന്ത്യയുടെ ജയമുറപ്പിച്ചു. ഠാക്കൂറും സെയ്‌നിയും രണ്ട് വിക്കറ്റ് വീതം നേടി. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 41 പന്തില്‍ 60 റണ്‍സെടുത്തു. സ്ഥിരം നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതോടെയാണ് രോഹിത് നായകനായത്. 

ഹിറ്റ്‌മാന്‍ തന്നെ താരം, സഞ്‌ജുവിന് വീണ്ടും നിരാശ

India won 5th T20I and Clinch T20 Series by 5 0 vs New Zealand

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് കെ എല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും. എന്നാല്‍ രണ്ടാം ഓവറില്‍ ആദ്യ പ്രഹരമേറ്റു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറുടെ റോളിലെത്തിയ സഞ്ജു രണ്ട് റണ്‍സിന് പുറത്ത്. രോഹിത് ശര്‍മ്മ സ്വയം മൂന്നാം നമ്പറിലേക്ക് മാറി സഞ്ജുവിന് അവസരമൊരുക്കിയിട്ടും താരത്തിനത് മുതലാക്കാനായില്ല. വെല്ലിംഗ്‌ടണില്‍ നടന്ന നാലാം ടി20യില്‍ സഞ്ജു എട്ട് റണ്‍സില്‍ പുറത്തായിരുന്നു.

Read more: വായുവില്‍ പക്ഷിയായി സഞ്‌ജു; അമ്പരപ്പിച്ച് ബൗണ്ടറിലൈനിലെ സാഹസിക ഫീല്‍ഡിംഗ്- വീഡിയോ

കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യ കരകയറി. മികച്ച ഫോം ബേ ഓവലിലും പുറത്തെടുത്ത രാഹുല്‍ 33 പന്തില്‍ 45 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ 35 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയെങ്കിലും 60 റണ്‍സില്‍ നില്‍ക്കേ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. ശിവം ദുബെക്ക് നേടാനായത് അഞ്ച് റണ്‍സ്. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 33 റണ്‍സും മനീഷ് പാണ്ഡെ നാല് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തി. 

Follow Us:
Download App:
  • android
  • ios