Asianet News MalayalamAsianet News Malayalam

37 പന്തുകള്‍ക്കിടെ ഇന്ത്യ ഏഷ്യ രാജാക്കന്മാര്‍! ലങ്ക തോറ്റത് 10 വിക്കറ്റിന്; നയിച്ചത് സിറാജിന്റെ ആറ് വിക്കറ്റ്

ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. അവിടെയായിരുന്നു ലങ്കയുടെ തകര്‍ച്ചയുടെ തുടക്കവും.

india won asia cup after beating sri lanka by ten wickets saa
Author
First Published Sep 17, 2023, 6:07 PM IST

കൊളംബൊ: ഏഷ്യയുടെ രാജാക്കന്മാരായി ടീം ഇന്ത്യ ഏകദിന ലോകകപ്പിന്. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. അധികം സമയം പാഴാക്കാതെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഗില്‍ ആറ് ഫോര്‍ നേടി. കിഷന്റെ അക്കൗണ്ടില്‍ മൂന്ന് ബൗണ്ടറികളുണ്ടായിരുന്നു. നേരത്തെ, ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. അവിടെയായിരുന്നു ലങ്കയുടെ തകര്‍ച്ചയുടെ തുടക്കവും. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ വലിയൊരു സൂചനയും നല്‍കി. 

ബുമ്രയെറിഞ്ഞ മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല. മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) എല്‍ബിഡബ്ലൂായി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന്റെ കയ്യില്‍ വിശ്രമിച്ചു. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വയുടെ ഫോര്‍. 

എന്നാല്‍ അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു. അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പിന്നാലെ കുശാല്‍ മെന്‍ഡിനേയും സിറാജ് (17) മടക്കി. മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. 

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ വലിയ നാണക്കേട്! രക്ഷപ്പെട്ടത് ബംഗ്ലാദേശ്, ടീം ഇന്ത്യയോട് കടപ്പെട്ടിരിക്കണം

Follow Us:
Download App:
  • android
  • ios