ഐപിഎൽ 2026 കിരീടം നേടിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വിജയഘോഷയാത്ര നടത്താനാവില്ല. കഴിഞ്ഞ വർഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും, പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്താണ് ഫ്രാഞ്ചൈസിയുടെ ഈ തീരുമാനം.

ബംഗളൂരു: ഐപിഎല്‍ 2026ല്‍ കിരീടം നിലനിര്‍ത്തി ചരിത്രനേട്ടം കുറിച്ചെങ്കിലും, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന് നഗരത്തില്‍ വിജയഘോഷയാത്ര നടത്താന്‍ സാധിച്ചേക്കില്ല. സുരക്ഷാ പ്രശ്‌നങ്ങളും പോലീസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് പൊതുവായ ആഘോഷങ്ങള്‍ വേണ്ടെന്നുവെക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

2025-ല്‍ ആര്‍സിബിയുടെ ആദ്യ കിരീടനേട്ടത്തിന് പിന്നാലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചിരുന്നു. ഈ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും കര്‍ണാടക സര്‍ക്കാരും കോടതിയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. നിയുക്ത കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങും ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ കാരണമായിട്ടുണ്ട്. ലോക് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വലിയ ജനക്കൂട്ടം എത്തുമെന്നതിനാല്‍ നഗരത്തില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കേണ്ടതുണ്ട്.

ഗവര്‍ണറുടെ ഔദ്യോഗിക വസതി ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമായതിനാല്‍ ഈ ഭാഗത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പൊതുനിരത്തുകളില്‍ ആഘോഷങ്ങള്‍ പാടില്ലെന്നും പടക്കം പൊട്ടിക്കരുതെന്നും ബംഗളൂരു പോലീസ് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ''തെരുവുകളില്‍ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. സമാധാനം നിലനിര്‍ത്താന്‍ ആരാധകര്‍ സഹകരിക്കണം. ആഘോഷങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് അത് വീടിനുള്ളില്‍ തന്നെയാകാം.'' എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് വ്യക്തമാക്കി.

കൂടാതെ, ടീമിലെ പ്രമുഖ താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഉടന്‍ യാത്ര തിരിക്കേണ്ടതുണ്ട്. ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും വിദേശ താരങ്ങളായ ജോഷ് ഹേസല്‍വുഡ്, ടിം ഡേവിഡ് എന്നിവര്‍ അതത് ദേശീയ ടീമുകള്‍ക്കൊപ്പവും ചേരും. തുടര്‍ച്ചയായി കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീം എന്ന നേട്ടം സ്വന്തമാക്കിയിട്ടും, നിലവിലെ സാഹചര്യത്തില്‍ ആര്‍സിബിയുടെ ആഘോഷങ്ങള്‍ വളരെ ലളിതമായി മാത്രമേ നടക്കാന്‍ സാധ്യതയുള്ളൂ.

YouTube video player