വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പ്രതീക്ഷ കാത്തുവെന്നാണ് അദ്ദേഹം മത്സരശേഷം പറഞ്ഞത്.

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 

നേരത്തെ അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജോസ് ബ്ടലര്‍ (52), ജേക്കബ് ബേതല്‍ (51) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. ഇപ്പോള്‍ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പ്രതീക്ഷ കാത്തുവെന്നാണ് അദ്ദേഹം മത്സരശേഷം പറഞ്ഞത്. രോഹിത്തിന്റെ വാക്കുകള്‍... ''ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഈ ഫോര്‍മാറ്റില്‍ കളിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പ്രതീക്ഷയ്ക്കനുസൃതമായി ഞങ്ങള്‍ കളിച്ചുവെന്നാണ് കരുതുന്നത്. അവര്‍ നന്നായി തുടങ്ങിയെങ്കിലും ഞങ്ങള്‍ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു. മധ്യനിരയില്‍ ഒരു ഇടങ്കയ്യനെ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അവരുടെ സ്പിന്നര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണം. ഗില്ലും അക്സറും മധ്യനിരയില്‍ തിളങ്ങി. മൊത്തത്തില്‍ ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ കഴിയുന്നത്ര ശരിയായ കാര്യങ്ങള്‍ ചെയ്യും.'' രോഹിത് വ്യക്തമാക്കി.

'ഇന്ന് എന്നെ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല, പക്ഷേ...'; കാര്യം വ്യക്തമാക്കി ശ്രേയസ് അയ്യര്‍

അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ ആരാധകര്‍ അത്ര സന്തോഷത്തിലല്ല. ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തുകയായിരുന്നു താരം. കേവലം രണ്ട് റണ്‍സിന് താരം പുറത്തായി. ഏഴ് പന്തുകള്‍ നേരിട്ട രോഹിത്, സാകിബ് മെഹ്മൂദിന്റെ പന്ത് ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്തില്‍ മിഡ് ഓണില്‍ ലിയാം ലിവിംഗ്സ്സ്റ്റണിന്റെ കൈകളിലേക്ക്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും പിന്നീട് രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി കളിച്ചപ്പോഴും രോഹിത് നിരാശപ്പെടുത്തിയിരുന്നു. അതേ മോശം പ്രകടനം ഇംഗ്ലണ്ടിനെതിരേയും ആവര്‍ത്തിക്കപ്പെടുന്നു. തുടര്‍ച്ചയായി നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ ടീമിനെതിരെ തിരഞ്ഞിരിക്കുകയാണ് ആരാധകര്‍.