ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായ ശേഷം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത്. ലോക ക്രിക്കറ്റില്‍ നാലാം തവണയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ മുന്‍നിര താരങ്ങളുടെ തകര്‍ച്ചയ്ക്കിടയിലും ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ്. നാഗ്പൂരില്‍ 105 റണ്‍സുമായി ക്രീസിലുണ്ട് രോഹിത്. രവീന്ദ്ര ജേഡജയാണ് (22) അദ്ദേഹത്തിന് കൂട്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 202 എന്ന നിലയിലാണ് ഇന്ത്യ. കെ എല്‍ രാഹുല്‍ (20), ചേതേശ്വര്‍ പൂജാര (7), വിരാട് കോലി (12), സൂര്യകുമാര്‍ യാദവ് (8) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോഴാണ് രോഹിത് ഇന്ത്യയുടെ രക്ഷകനായത്. രണ്ട് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഒമ്പതാമത്തെ സെഞ്ചുറിയായിരുന്നു രോഹിത് കണ്ടെത്തിയത്. 

ഇതോടെ ഒരു റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായ ശേഷം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത്. ലോക ക്രിക്കറ്റില്‍ നാലാം തവണയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ആദ്യം നേട്ടം സ്വന്തമാക്കിയത് മുന്‍ ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷനാണ്. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡു പ്ലെസിസും നേട്ടത്തിലെത്തി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതായിരുന്നു അടുത്ത ഊഴം. ഇപ്പോള്‍ രോഹിത് ശര്‍മയും. 

അതേസയമം, നാല് വിക്കറ്റ് നേടിയ ടോഡ് മര്‍ഫിയാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്നലെ രാഹുലിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി മര്‍ഫി മടക്കിയിരുന്നു. രണ്ടാംദിനം അശ്വിനെ പുറത്താക്കികൊണ്ടായിരുന്നു മര്‍ഫിയുടെ തുടക്കം. 23 റണ്‍സെടുത്ത അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു മര്‍ഫി. പിന്നാലെ ചേതേശ്വര്‍ പൂജാരയേയും മര്‍ഫി തിരിച്ചയച്ചു. വിക്കറ്റ് വലിച്ചെറിയുകയായിരുന്നു പൂജാര. 

സ്വീപ്പ് ഷോട്ടിന് ശ്രമിക്കുമ്പോള്‍ എഡ്ജായ ഷോര്‍ട്ട്ഫ ഫൈന്‍ ലെഗില്‍ സ്‌കോട്ട് ബോളണ്ടിന്റെ കൈകളിലേക്ക്. കോലിയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ചു മര്‍ഫി. അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവ് നതാന്‍ ലിയോണിനാണ് വിക്കറ്റ് നല്‍കിയത്. ബൗള്‍ഡാവുകയായിരുന്നു സൂര്യ.

ദക്ഷിണേന്ത്യന്‍ താരങ്ങളെ അഭിനന്ദിക്കാന്‍ ചില മുംബൈ താരങ്ങള്‍ക്ക് മടി; മഞ്ജരേക്കര്‍ക്കെതിരെ മുരളി വിജയ്