ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏകദിന മത്സരത്തിനിടെ രോഹിത് ശര്‍മ റണ്‍ ഔട്ടായതിലുണ്ടായ ആശയക്കുഴപ്പത്തില്‍ വിശദീകരണവുമായി ശുഭ്മാന്‍ ഗില്‍. മുന്‍പ് സമാനമായ സാഹചര്യത്തില്‍ ദേഷ്യം പ്രകടിപ്പിച്ച രോഹിത് ഇത്തവണ ശാന്തനായിരുന്നുവെന്നും ഡ്രെസ്സിംഗ് റൂമില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും ഗില്‍ മത്സരശേഷം വ്യക്തമാക്കി.

ധരംശാല: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഒന്നാം ഏകദിന മത്സരത്തിനിടയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തമ്മിലുണ്ടായ ആശയക്കുഴപ്പവും തുടര്‍ന്നുണ്ടായ റണ്‍ ഔട്ടും ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. 2024ല്‍ മൊഹാലിയില്‍ നടന്ന ട്വന്റി-20 മത്സരത്തില്‍ ഇതേ എതിരാളികള്‍ക്കെതിരെ സമാനമായ രീതിയില്‍ രോഹിത് റണ്‍ ഔട്ടായ നിമിഷത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ധരംശാലയിലെ ഈ സംഭവം. അന്ന് മൊഹാലിയില്‍ റണ്‍ ഔട്ടായതിന് പിന്നാലെ രോഹിത് ശര്‍മ്മ മൈതാനത്തുവെച്ച് ഗില്ലിനോട് കടുത്ത ദേഷ്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇത്തവണ ധരംശാലയില്‍ 16 റണ്‍സെടുത്തു നില്‍ക്കെ റണ്‍ ഔട്ടായ രോഹിത്, യാതൊരുവിധ ആക്രോശങ്ങള്‍ക്കും മുതിരാതെ ശാന്തനായാണ് പവലിയനിലേക്ക് മടങ്ങിയത്. ഡ്രെസ്സിംഗ് റൂമിലും യാതൊരുവിധ അസ്വാരസ്യങ്ങളും ഉണ്ടായില്ലെന്ന് മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വ്യക്തമാക്കി. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സംസാരിക്കവെയാണ് ഈ റണ്‍ ഔട്ട് നാടകത്തെക്കുറിച്ച് ഗില്‍ മനസ്സുതുറന്നത്. ''അദ്ദേഹം റീപ്ലേ കണ്ടു, കുഴപ്പമില്ലെന്ന് പറഞ്ഞു. കഴിഞ്ഞ തവണ അഫ്ഗാനിസ്ഥാനെതിരെ കളിച്ച ട്വന്റി-20 മത്സരത്തിലും അദ്ദേഹം സമാനമായ രീതിയില്‍ റണ്‍ ഔട്ടായിരുന്നു.'' ഗില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

Scroll to load tweet…

Scroll to load tweet…

മനോഹരമായ ക്യാച്ചിനെക്കുറിച്ച് ഗില്‍

മത്സരത്തില്‍ 84 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിനൊപ്പം ഗില്‍ സ്ലിപ്പില്‍ എടുത്ത അസാമാന്യമായ ഒരു ഒറ്റക്കൈയ്യന്‍ ക്യാച്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ കരിയറില്‍ ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ ഓര്‍ത്തുവെക്കാവുന്ന അത്ര മികച്ചൊരു ഫീല്‍ഡിംഗ് പ്രകടനം ഉണ്ടായിട്ടില്ലെന്ന് ഒരു സുഹൃത്ത് മത്സരത്തിന് തൊട്ടുമുമ്പ് പറഞ്ഞിരുന്നതായി ഗില്‍ വെളിപ്പെടുത്തി. ഈ ഒരു ക്യാച്ചിനായി താന്‍ കഠിനമായി പരിശീലിക്കുന്നുണ്ടായിരുന്നെന്നും അത് മത്സരത്തില്‍ കൃത്യമായി ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ വിജയം നേടിയ ഇന്ത്യന്‍ സംഘം ഇനി ജൂണ്‍ 17ന് ബുധനാഴ്ച ലഖ്നൗവില്‍ നടക്കുന്ന രണ്ടാം ഏകദിന പോരാട്ടത്തിനായുള്ള ഒരുക്കത്തിലാണ്.

YouTube video player