ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിനായി ഇന്‍ഡോറിലെത്തിയ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍, താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന പ്രത്യേക വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. 

ഇന്‍ഡോര്‍: നാളെയാണ് ഇന്ത്യ - ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. മത്സരം നിര്‍ണായകമാണെങ്കിലും പുറത്തുള്ള കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി ഇന്‍ഡോറിനുണ്ടെങ്കിലും, കുടിവെള്ള പ്രതിസന്ധിയുടെ പേരില്‍ അടുത്തിടെ നഗരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒട്ടേറെപേര്‍ മരിച്ച സംഭവം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് ടീം.

ഇന്‍ഡോറിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ടീം ഇന്ത്യ താമസിക്കുന്നത്. ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഹോട്ടല്‍ റൂമില്‍ പ്രത്യേക വാട്ടര്‍ പ്യൂരിഫയറും കൊണ്ടുവന്നിട്ടുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപ വിലയുള്ള വാട്ടര്‍ പ്യൂരിഫയറാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ഒ-ട്രീറ്റ് ചെയ്തതും പാക്കേജുചെയ്തതുമായ കുപ്പിവെള്ളം പോലും വീണ്ടും ശുദ്ധീകരിക്കാന്‍ ഈ ഉപകരണം പ്രാപ്തമാണ്. എന്നിരുന്നാലും, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ടീമിന്റെ മീഡിയ മാനേജര്‍ വിസമ്മതിച്ചു. ഇന്‍ഡോറില്‍ മലിനജലം മൂലമുണ്ടായ സമീപകാല മരണങ്ങളുമായി ഈ നീക്കം നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ അതോ പതിവ് വ്യക്തിഗത സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ഹോട്ടലിലും സ്റ്റേഡിയത്തിലും ശുദ്ധമായ കുടിവെള്ളത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ടീം കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഈ ഉയര്‍ന്ന ജാഗ്രത പുതിയതല്ല. അച്ചടക്കമുള്ള ജീവിതശൈലി നയിക്കുന്ന സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി ജലാംശം നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തിന്റെ കര്‍ശനമായ ആരോഗ്യ നിയമങ്ങളിലൊന്ന് ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുക എന്നുള്ളതാണ്.

ഇന്‍ഡോറിലെ ഭഗീരത്പുര പ്രദേശത്ത്, മലിനജല ദുരന്തത്തില്‍ ഇതുവരെ 23 പേര്‍ മരിച്ചു. ഹൈക്കോടതിയില്‍ 15 മരണങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും, 21 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. നിലവില്‍ ഐസിയുവിലുള്ള ആറ് രോഗികളില്‍ ഒരാളെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റി, മൂന്ന് പേര്‍ ദീര്‍ഘകാലത്തേക്ക് വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിയുന്നത്.

YouTube video player