ദില്ലി: കൊവിഡ് 19 ആശങ്കകള്‍ക്കിടെ ഏകാന്തവാസം തെരഞ്ഞെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് ന‍ടിയുമായ അനുഷ്ക ശര്‍മയും. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് കോലി ഏകാന്തവാസത്തിലാണെന്ന കാര്യം ആരാധകരെ അറിയിച്ചത്.

പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നതെന്ന് കോലി പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും വീട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും അതാണ് നല്ലതെന്നും കോലി പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏക പോംവഴി ഇതിനെതിരെ ഒരുമിച്ച് പൊരുതുക എന്നത് മാത്രമാണെന്ന് അനുഷ്ത വ്യക്തമാക്കി. അതുകൊണ്ട് വീട്ടില്‍ തന്നെ തുടരാന്‍ നിങ്ങളും ശ്രമിക്കണമെന്ന് അനുഷ്ക ആവശ്യപ്പെട്ടു.

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഞായറാഴ്ച ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചതിനെ കോലിയും ഇന്ത്യന്‍ പരീശിലകന്‍ രവി ശാസ്ത്രിയും അടക്കമുള്ളവര്‍ സ്വാഗതം ചെയ്തിരുന്നു. കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉപേക്ഷിച്ചപ്പോള്‍ ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചിരുന്നു.