രോഹിത് ശര്‍മ്മയ്ക്കാണ് മുന്‍തൂക്കം എങ്കിലും അപ്രതീക്ഷിത തെരഞ്ഞെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 

മുംബൈ: ട്വന്റി 20 നായകപദവിയില്‍ വിരാട് കോലിയുടെ പിന്‍ഗാമി ആരെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. രോഹിത് ശര്‍മ്മയ്ക്കാണ് മുന്‍തൂക്കം എങ്കിലും അപ്രതീക്ഷിത തെരഞ്ഞെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വിരാട് കോലി നായകപദവി ഏറ്റെടുത്ത ശേഷം ഇന്ത്യ കളിച്ചത് 67 ടി20 മത്സരങ്ങളില്‍.

ഇക്കാലയളവില്‍ കോലി പങ്കെടുത്തത് 45 മത്സരങ്ങളില്‍ മാത്രം. ടി20 പരമ്പരകളില്‍ പലപ്പോഴും കോലിക്ക് വിശ്രമം നല്‍കിയ സെലക്ടര്‍മാര്‍ രോഹിത് ശര്‍മയെയാണ് കൂടുതലായും പരിഗണിച്ചത്. ഐപിഎല്ലില്‍ അഞ്ച് തവണ മുംബൈയെ ജേതാക്കളാക്കിയത് കോലിയുടെ പകക്കാര്‍ക്കുള്ള മത്സരത്തില്‍ രോഹിത്തിന് മുന്‍തൂക്കം നല്‍കും.

കോലിയുടെ പടിയിറക്കം ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന ജെയ്ഷായുടെ പ്രസ്താവന 34കാരനായ രോഹിത്തിന് അപ്പുറം ചിന്തിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുമോയെന്ന സംശയം ഉയര്‍ത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ ഐപിഎല്ലിലെ പഞ്ചാബ് ടീം നായകന്‍ കെ എല്‍ രാഹുല്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവര്‍ക്കാകും സാധ്യത. 

എന്തായാലും ലോകകപ്പിന് മുന്‍പുള്ള ഐപിഎല്‍ സീസണ്‍ കോലിയുടെ പിന്‍ഗാമിയെ തീരുമാനിക്കുന്നതിലും നിര്‍ണായകമാകുമെന്നതില്‍ സംശയമൊന്നുമില്ല.