മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് രാത്രി യാത്രതിരിക്കും. മുംബൈയിൽ നിന്നാണ് ടീം ഫ്ലോറിഡയിലേക്ക് പോവുക. ശനിയാഴ്‌ച ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആദ്യ ട്വന്‍റി 20.

അതേസമയം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലിയുടെ വാര്‍ത്താസമ്മേളനം ബിസിസിഐ സ്ഥിരീകരിച്ചു. രോഹിത് ശര്‍മ്മയുമായി ഭിന്നതയിലെന്ന റിപ്പോര്‍ട്ടിനിടെ വൈകിട്ട് ആറിന് നടക്കുന്ന കോലിയുടെ വാര്‍ത്താസമ്മേളനം ശ്രദ്ധേയമാകും. അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനായി പര്യടനത്തിന് മുന്‍പുള്ള പതിവുവാര്‍ത്താസമ്മേളനം ഇന്ത്യന്‍ നായകന്‍ ഉപേക്ഷിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരമ്പരയില്‍ മൂന്ന് ട്വന്‍റി 20ക്ക് പുറമെ മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും ഇന്ത്യ കളിക്കും. പരമ്പരയിലെ മൂന്ന് ഫോര്‍മാറ്റുകളിലും ധവാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് ഫോര്‍മാറ്റിലും കളിക്കും. വിരാട് കോലി നയിക്കുന്ന സംഘത്തില്‍ ധോണിയില്ലാത്തതിനാല്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.