മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കളിക്കാരനുമായ പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായിരുന്ന പ്രമോദ് കുമാറിന് കൊവിഡാനന്തര ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി പിയൂഷ് ചൗള ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.

ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചേതന്‍ സക്കറിയയുടെ പിതാവ് കനിജ്ഭായ് സക്കറിയ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് തൊട്ടു മുന്‍ ദിവസമാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗമായ വേദ കൃഷ്ണ മൂര്‍ത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാഴ്ച മുമ്പ് വേദയുടെ മാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന പിയൂ ചൗളയെ ഐപിഎല്‍ ലേലത്തില്‍  2.40 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയെങ്കിലും 32കാരനായ  താരത്തിന് സീസണില്‍ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും പിയൂഷ് ചൗള അംഗമായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona