ഇത്തവണ ഐപിഎല്ലില്‍ റിങ്കുവിന് കാര്യമായി തിളങ്ങാനായിരുന്നില്ല. ഈ സീസണില്‍ 13 മത്സരങ്ങളില്‍ 29.42 ശരാശരിയിലും 153.73 സ്ട്രൈക്ക് റേറ്റിലും 206 റണ്‍സ് മാത്രമാണ് റിങ്കു നേടിയത്.

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ വിവാഹ നിശ്ചയം ജൂണ്‍ 8ന് ലക്നൗവിലെ സ്വകാര്യ ഹോട്ടലില്‍ നടക്കും. ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു. നിലവിലെ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ്.

സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്‍റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്‍റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്. ഇന്ത്യൻ ടി20 ടീമില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന റിങ്കു സിംഗ് 2023ലെ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടക്കം 31 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ഇറങ്ങിയ റിങ്കു അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരിക്കെയാണ് അഞ്ച് സിക്സ് അടിച്ച് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. 

55 ലക്ഷം രൂപക്ക് കൊല്‍ക്കത്ത ടീം നിലനിര്‍ത്തിയ താരത്തെ ഇത്തവണത്തെ മെഗാ താരലേലത്തിന് മുമ്പ് 13 കോടി രൂപക്കാണ് ടീം നിലനിര്‍ത്തിയത്. എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ റിങ്കുവിന് കാര്യമായി തിളങ്ങാനായിരുന്നില്ല. ഈ സീസണില്‍ 13 മത്സരങ്ങളില്‍ 29.42 ശരാശരിയിലും 153.73 സ്ട്രൈക്ക് റേറ്റിലും 206 രണ്‍സ് മാത്രമാണ് റിങ്കു നേടിയത്.നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത ഇത്തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിലും പരാജയപ്പെട്ടിരുന്നു. എട്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക