ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിക്ക് ഇന്ന് 38-ാം പിറന്നാൾ. പ്രായത്തെ തോൽപ്പിക്കുന്ന മികവോടെ റൺവേട്ട തുടരുന്ന താരം ഏകദിനത്തിൽ മൂന്നാമനായി 13,000 റൺസ് നേടുന്ന ആദ്യതാരമെന്ന റെക്കോർഡും സ്വന്തമാക്കി. 2025 ലോകകപ്പ് ലക്ഷ്യമിട്ടാണ് കോലിയുടെ ഇപ്പോഴത്തെ കുതിപ്പ്.
മുംബൈ: വിരാട് കോലിക്ക് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാള്‍. പ്രായത്തെ തോല്‍പിക്കുന്ന മികവുമായി റണ്‍വേട്ട തുടരുകയാണ് കിംഗ് കോലി. ഓരോ ഷോട്ടിലും വിസ്മയം, ഓരോ റണ്ണിലും പോരാട്ടവീര്യം, ഓരോ സെഞ്ചുറിയും ചരിത്രം. ഡല്‍ഹിയുടെ തെരുവുകളില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂര്യനായി ഉദിച്ചുയുര്‍ന്ന താരം. വിരാട് കോലി ആരാധകര്‍ക്ക് വെറുമൊരു ക്രിക്കറ്റ് താരമല്ല, വികാരമാണ്, ആവേശമാണ്, അഭിമാനമാണ്. മുപ്പത്തിയെട്ടാം വയസ്സിലേക്ക് ചുവട് വയ്ക്കുമ്പോഴും കോലിയുടെ റണ്‍വേട്ടയിലെ സ്ഥിരതയ്ക്കും സമ്മര്‍ദഘട്ടങ്ങളിലെ പോരാട്ടവീര്യത്തിനും അതുല്യ ബാറ്റിങ് മികവിനും കോട്ടമൊന്നുമില്ല.
1988 നവംബര്‍ 5ന് ഡല്‍ഹിയി ജനനം. 2008ലെ അണ്ടര്‍ 19ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച കോലി അതേവര്‍ഷം ഇന്ത്യന്‍ സീനിയര്‍ ടീമിലും അരങ്ങേറ്റം കുറിച്ചു. പിന്നെയെല്ലാം ചരിത്രം. 55 സെഞ്ച്വറിയോടെ ഏകദിനത്തില്‍ 15183 റണ്‍സ്. ടെസ്റ്റില്‍ 30 സെഞ്ച്വറിയോടെ 9230 റണ്‍സ്. ട്വന്റി 20യില്‍ ഒരു സെഞ്ച്വറിയോടെ 4188 റണ്‍സ്. 2011 ഏകദിന ലോകകപ്പിലും 2013ലെ ചാന്പ്യന്‍സ് ട്രോഫിയിലും 2024ലെ ട്വന്റി 20 ലോകകപ്പിലും കിരീടം. ഇന്ത്യന്‍ ടെസ്റ്റ് നായകനായി 68 കളിയില്‍ 40ലും വിജയം. എണ്ണിയാല്‍ ഒടുങ്ങാത്ത നേട്ടങ്ങളും റെക്കോഡുകളും.
കോലിയുടെ മികവും പോരാട്ടവീര്യവും കൂടുതല്‍ വ്യക്തമാവുക റണ്‍ പിന്തുടരുമ്പോള്‍. ചേസ് മാസ്റ്ററെന്ന വിശേഷണം സ്വന്തമാക്കിയ കോലിയുടെ ശാരീരികക്ഷമയും സാങ്കേതിക മികവും അനുകരിക്കാന്‍പോലും പ്രയാസം. ട്വന്റി 20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കോലി മുപ്പത്തിയെട്ടാം വയസ്സിലും ക്രീസില്‍ തുടരുന്നത് 2025ലെ ലോകകപ്പ് ലക്ഷ്യമിട്ട്.
നാഴികക്കല്ല് പിന്നിട്ട് കോലി
ന്യുസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് വിരാട് കോലി. ഏകദിനത്തില്‍ മൂന്നാമനായി ബാറ്റ് ചെയ്ത് 13,000 റണ്‍സ് നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡും കോലി സ്വന്തമാക്കി. കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യഅഞ്ച് വിക്കറ്റിന് കിവീസിനെ തോല്‍പിച്ചു.





