കറാച്ചി: സച്ചിന്‍ ഒരു സിക്സറടിച്ചാല്‍ 130 കോടി ഇന്ത്യക്കാര്‍ സന്തോഷിക്കും. അതുകൊണ്ടു തന്നെ തനിക്കെതിരെ 2003ലെ ലോകകപ്പില്‍ സച്ചിന്‍ നേടിയ സിക്സര്‍  അത്ര കാര്യമാക്കുന്നില്ലെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യക്കാര്‍ക്ക് സന്തോഷമാകുന്നെങ്കില്‍ ആവട്ടെ. അപ്പോഴും താന്‍ സച്ചിനെ 12-13 തവണ പുറത്താക്കിയിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു.

ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളാണ് സച്ചിന്‍. സച്ചിനെതിരെ മികച്ച രീതിയില്‍ പന്തെറിയാന്‍ എനിക്കായിട്ടുണ്ട്. എന്നാലും 2003ലെ ലോകകപ്പില്‍ സെഞ്ചൂറിയനില്‍ സച്ചിന്‍ എനിക്കെതിരെ കട്ട് ഷോട്ടിലൂടെ നേടിയ സിക്സര്‍ മാത്രമാണ് ഇന്ത്യക്കാര്‍ ഓര്‍ക്കുന്നത്. അതവരെ സന്തോഷിപ്പിക്കുന്നു. ആ ഒരൊറ്റ സിക്സര്‍ 130 കോടി ഇന്ത്യക്കാരെ സന്തോഷിപ്പിക്കുമെങ്കില്‍ ഞാന്‍ എല്ലാ ദിവസവും എന്റെ പന്തില്‍ സിക്സറടിക്കാന്‍ സച്ചിനെ അനുവദിച്ചേനെ. പക്ഷെ സച്ചിനെ ഞാന്‍ 12-13 തവണ പുറത്താക്കിയിട്ടുമുണ്ട്.-ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ അക്തര്‍ പറഞ്ഞു.

ലോക ക്രിക്കറ്റില്‍ ഇന്നുള്ള ബൗളര്‍മാര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുറത്താക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് അക്തര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കോലിയെ പുറത്താക്കാനുള്ള ആയുധം തന്റെ ആവനാഴിയിലുണ്ടെന്നും അക്തര്‍ പറഞ്ഞു. ഞാനാണ് കോലിക്കെതിരെ എറിയുന്നതെങ്കില്‍ ക്രീസിന് ഒരുപാട് പുറത്തുനിന്ന് കോലിക്ക് നേരെ ഔട്ട് സ്വിംഗറുകള്‍ എറിയും. അതില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചാല്‍ കോലി പുറത്താകും. അതിലും വീണില്ലെങ്കില്‍ 150 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്തെറിഞ്ഞ് കോലിയെ വീഴ്ത്തുമെന്നും അക്തര്‍ പറഞ്ഞിരുന്നു.

നേരത്തെ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുരിത ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരിക്കാനായി ഇന്ത്യ-പാക് പരമ്പര വേണമെന്ന അക്തറിന്റെ ആവശ്യത്തിനെതിരെ ഇന്ത്യന്‍ മുന്‍ താരങ്ങളായ കപില്‍ ദേവും സുനില്‍ ഗവാസ്കറും രംഗത്തെത്തിയിരുന്നു. അക്തറിനെ പിന്തുണച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും എത്തിയിരുന്നു.