മുംബൈ: ഇന്ത്യയുടെ മുൻ താരങ്ങൾക്കുള്ള സംഘടനയ്ക്ക് ബി സി സി ഐയുടെ അംഗീകാരം. ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ എന്നാണ് സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്. പുരുഷ, സ്ത്രീ താരങ്ങൾ സംയുക്തമായുള്ളതാണ് സംഘടന. ലോധ കമ്മീഷന്‍ മുന്നോട്ടുവച്ച പരിഷ്കരണത്തിന്റെ ഭാഗമായാണ് സംഘടന രൂപീകരിക്കുന്നത്.

കപിൽ ദേവ്, ശാന്താ രംഗസ്വാമി,അജിത് അഗാർക്കർ എന്നിവർ ഉൾപ്പെട്ട ഡയറക്ടർ ബോർഡ് ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ഏതെങ്കിലും ഫോർമാറ്റിൽ 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും കളിച്ചിട്ടുള്ള പുരുഷ താരങ്ങൾക്കും 5 ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും കളിച്ച വനിതാ താരങ്ങൾക്കും സംഘടനയിൽ അംഗത്വം നൽകും.

ഇന്ത്യക്കും പാകിസ്ഥാനും മാത്രമാണ് ഇത്തരത്തിലൊരു സംഘടന ഇല്ലാതിരുന്നത്. മറ്റ് രാജ്യങ്ങളിൽ നിലവിൽ കളിക്കുന്നവരും സംഘടനയിൽ അംഗങ്ങളാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷനിൽ വിരമിച്ചവരെ മാത്രമാണ് ഉൾപ്പെടുത്തുക.