ഒരു അപൂര്‍വ റെക്കോര്‍ഡും റുതുരാജ് സ്വന്തം പേരിലാക്കി. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ട്വന്റി 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോഡാണ് സ്വന്തം പേരിലാക്കിയത്.
ബംഗളൂരു: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്കവാദിനായിരുന്നു. റണ്‍വേട്ടക്കാരില്‍ ഒന്നാമനും റുതുരാജായിരുന്നു. അഞ്ച് മത്സരങ്ങളില്‍ 55.75 ശരാശരിയില്‍ 223 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇതോടെ ഒരു അപൂര്‍വ റെക്കോര്‍ഡും റുതുരാജ് സ്വന്തം പേരിലാക്കി. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ട്വന്റി 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 2021ല്‍ നേടിയ 218 റണ്‍സാണ് പഴങ്കഥയായത്. ഞായറാഴ്ച നടന്ന അവസാന മത്സരത്തില്‍ 12 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായെങ്കിലും റെക്കോര്‍ഡ് മറികടക്കാന്‍ ഋതുരാജിനായി. 159.29 ആയിരുന്നു പരമ്പരയിലെ സ്ട്രൈക്ക് റേറ്റ്.
വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ ഒറ്റ ബാളും നേരിടാനാവാതെ റണ്ണൗട്ടായി താരം മടങ്ങിയിരുന്നു. കാര്യവട്ടം സ്റ്റേഡിയത്തില്‍ ടന്ന രണ്ടാം മത്സരത്തില്‍ 43 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്. ഗുവാഹത്തിയില്‍ മൂന്നാം മത്സരത്തില്‍ 57 പന്തില്‍ 123 റണ്‍സ് അടിച്ചെടുത്തു. റായ്പൂരില്‍ നടന്ന നാലാം ടി20യില്‍ 28 പന്തില്‍ 32 റണ്‍സും റുതുരാജ് നേടിയിരുന്നു.
ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം ടി20യില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടാസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ (53) ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. അക്‌സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ബെന്‍ മക്‌ഡെമോര്‍ട്ടാണ് (54) ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
