ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 557 റണ്‍സിന് ശക്തമായി തിരിച്ചടിയ്യ ഇംഗ്ലണ്ട് ലയണ്‍സ് മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 527 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്.
ലണ്ടന്‍: ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനിടെ വിരാട് കോലിയുടെ പതിനെട്ടാം നമ്പര്‍ ജേഴ്സി ധരിച്ചിറങ്ങി ഇന്ത്യൻ താരം. ഇന്ത്യ എക്കായി ബൗളിംഗില്‍ തിളങ്ങിയ പേസര്‍ മുകേഷ് കുമാറാണ് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ വിരാട് കോലിയുടെ വിഖ്യാതമായ പതിനെട്ടാം നമ്പര്‍ ജേഴ്സി ധരിച്ച് കളിക്കാനിറങ്ങിയത്.
കഴിഞ്ഞ മാസമാണ് വിരാട് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിനങ്ങളിലും ഐപിഎല്ലിലും തുടര്‍ന്നും കളിക്കുന്ന കോലി പതിനെട്ടാം നമ്പര്‍ ജേഴ്സി തന്നെയാണ് ധരിക്കാറുള്ളത്. ഇതിനിടെയാണ് ഇന്നലെ മുകേഷ് കുമാര്‍ പതിനെട്ടാം നമ്പര്‍ ജേഴ്സി ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്.ഇന്ത്യൻ ടീമില്‍ കളിക്കുമ്പോള്‍ 49-ാം നമ്പര്‍ ജേഴ്സിയായിരുന്നു മുകേഷ് മുമ്പ് ധരിച്ചിരുന്നത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 557 റണ്‍സിന് ശക്തമായി തിരിച്ചടിയ്യ ഇംഗ്ലണ്ട് ലയണ്‍സ് മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 527 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്. ആദ്യ ദിനം സെഞ്ചുറി നേടിയ ടോം ഹെയ്ൻസിന്(171) പുറമെ ഇന്നലെ മാക്സ് ഹോള്‍ഡനും(101) ഏഴാമനായി ക്രീസിലിറങ്ങിയ ഡാന്‍ മൗസ്‌ലെയും ഇംഗ്ലണ്ട് ലയണ്‍സിനായി സെഞ്ചുറി നേടിയതോടെയാണ് ആതിഥേയര്‍ ഇന്ത്യക്കൊപ്പം പിടിച്ചത്.
312-3 എന്ന ശക്തമായ നിലയില്‍ നിന്ന് മാക്സ് ഹോള്‍ഡനെയും ക്യാപ്റ്റൻ ജെയിംസ് റൂവിനെയും(8), റെഹാന്‍ അഹമ്മദിനെയും(3) പുറത്താക്കി മുകേഷ് കുമാര്‍ ഇംഗ്ലണ്ട് ലയണ്‍സിനെ 326-5ലേക്ക് തള്ളിവിട്ടെങ്കിലും മൗസ്‌ലെയുടെ ചെറുത്തുനില്‍പ്പ് അവര്‍ക്ക് തുണയായി. ഇന്ത്യക്കായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയപ്പോൾ ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, കരുണ്‍ നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഒരു ദിവസം മാത്രം ശേഷിക്കെ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത.


