ലക്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിൽ റിങ്കു സിംഗ് ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തു. 

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ലക്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിൽ ബാല്യകാല സുഹൃത്തുമായി കുൽദീപിന്റെ വിവാഹനിശ്ചയം നടന്നു. വൻഷികയാണ് വധു. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 

റിങ്കു സിംഗ് ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു. ഇരുവരുടെയും വിവാഹ തീയതിയെക്കുറിച്ച് ഇതുവരെ ഒരു അപ്‌ഡേറ്റും ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ കുൽദീപ് യാദവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കുൽദീപ് ഉടൻ തന്നെ യുകെയിലേക്ക് പോകും. ഇന്ത്യ - ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ജൂൺ 20 മുതൽ ഓഗസ്റ്റ് 4 വരെയാണ് ഷെ‍ഡ്യൂൾ ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ അടുത്ത ആഴ്ച ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് പോകും. 2018ൽ ലോർഡ്‌സ് ടെസ്റ്റ് കളിച്ച കുൽദീപ്, രവീന്ദ്ര ജഡേജയ്ക്ക് ശേഷം ടീമിലെ രണ്ടാമത്തെ ചോയ്‌സ് സ്പിന്നറാകുമെന്നാണ് സൂചന.

Scroll to load tweet…

അതേസമയം, ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെ പ്രധാന താരങ്ങളിലൊരാളായ കുൽദീപ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റിൽ നിന്ന് ഡൽഹി ക്യാപിറ്റൽസ് ലീഗ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ കുൽദീപിന്റെ സീസൺ നേരത്തെ അവസാനിച്ചിരുന്നു. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 7.07 ഇക്കോണമിയിൽ 15 വിക്കറ്റുകളാണ് കുൽദീപ് യാദവ് വീഴ്ത്തിയത്. സീസണിൽ ഡൽഹിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായാണ് കുൽദീപ് ഫിനിഷ് ചെയ്തത്.