വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക

ബംഗളൂരു: ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്‍റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാ‍ർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. അപകടനില തരണം ചെയ്തു. ദിവ്യാംശി (13), ദിയ (26), ശ്രാവൺ (21), ഭൂമിക്, സഹാന, ദേവി, ശിവു (17), മനോജ് എന്നിവരാണ് മരിച്ചത്. തിരിച്ചറിയാത്ത മൂന്ന് പേരുടെ മൃതദേഹം വൈദേഹി, ബൗറിംഗ് ആശുപത്രികളിലാണ്. 

35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. 

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിന്‍റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ആര്‍സിബി മാനേജ്മെന്‍റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയരുന്നത്. ആഘോഷം ആര് സംഘടിപ്പിച്ചു എന്നതില്‍ അടക്കം വ്യക്തതയില്ല. ആഘോഷ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഐപിഎൽ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മരണസംഖ്യ രണ്ടക്കത്തിൽ എത്തിയപ്പോഴും വിക്ടറി പരേഡിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വൻ വിമർശനമാണ് ഉയരുന്നത്. മരണസംഖ്യ ഉയരുമ്പോൾ ദുരന്തത്തിനിടെയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.